Wednesday, April 23, 2025
Latest:
NationalTop News

വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം: മുര്‍ഷിദാബാദില്‍ സംഘര്‍ഷത്തില്‍ മരണം മൂന്നായി; അഞ്ച് കമ്പനി ബിഎസ്എഫ് സേനയെ കൂടി വിന്യസിച്ചു

Spread the love

വഖഫ് ഭേദഗതി നിയമത്തിനെതിരായി ബംഗാള്‍ മുര്‍ഷിദാബാദിലെ പ്രതിഷേധത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ മരണം മൂന്ന് ആയി. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായി വിവരം. അഞ്ച് കമ്പനി ബിഎസ്എഫ് സേനയെ കൂടി മേഖലയില്‍ വിന്യസിച്ചു. ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസ് സാഹചര്യം വിലയിരുത്തി. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 120 ഓളം പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂര്‍ഷിദാബാദില്‍ നിരോധനാജ്ഞ തുടരുകയാണ്. കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കേന്ദ്രസേനയെ ഇന്ന് വിന്യസിക്കും. നിംതിത, ഷംഷേര്‍ഗഞ്ച്, ജംഗിപുര്‍, ജാഫ്രാബാദ് പ്രദേശങ്ങളില്‍ സംഘര്‍ഷ സാഹചര്യം ആണ് നിലവില്‍ ഉള്ളത്.

കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് മുര്‍ഷിദാബാദില്‍ അഞ്ച് കമ്പനി കേന്ദ്ര സേനയെ വിന്യസിച്ചത്. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ ഹര്‍ജി പരിഗണിച്ചാണ് കോടതി ഇടപെടല്‍. പൊലീസുമായി ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുമെന്നും സമാധാനം പുനഃസ്ഥാപിക്കാന്‍ ആവശ്യമെങ്കില്‍ കൂടുതല്‍ സേനയെ അയയ്ക്കാന്‍ തയ്യാറാണെന്നും സൗത്ത് ബംഗാള്‍ ഫ്രോണ്ടിയര്‍ കര്‍ണി സിംഗ് ഷെഖാവത്ത് അറിയിച്ചു. മുര്‍ഷിദാബാദിലെ കലാപങ്ങളില്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദ ബോസ് ആശങ്ക പ്രകടിപ്പിച്ചു. കേന്ദ്ര സേനയെ വിന്യസിക്കാനുള്ള ഹൈക്കോടതി ഉത്തരവ് ഗവര്‍ണര്‍ സ്വാഗതം ചെയ്തു.

മറ്റിടങ്ങളിലേക്ക് സംഘര്‍ഷം പടരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനിടെ വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തില്‍ ത്രിപുരയിലും സംഘര്‍ഷമുണ്ടായി. ഉനകോട്ടി ജില്ലയില്‍ നടന്ന പ്രതിഷേധത്തില്‍ നിരവധി പൊലീസുകാര്‍ക്ക് പരുക്കേറ്റു.