KeralaTop News

‘രാഹുല്‍ മാങ്കൂട്ടത്തിന് പാലക്കാട് കാലുകുത്താന്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും സമ്മതം കാക്കേണ്ടതില്ല’ ; കെ സുധാകരന്‍

Spread the love

പാലക്കാട് നഗരസഭയിലെ ബൗദ്ധിക ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് കെ.ബി ഹെഡ്ഗെവാറിന്റെ പേര് നല്‍കിയത് ചോദ്യം ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ബിജെപിയുടെ ഭീഷണി ജനാധിപത്യത്തിന് നേരെയുള്ള കൊലവിളിയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

മികച്ച ഭൂരിപക്ഷത്തില്‍ പാലക്കാട്ടെ ജനങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധിയാണ് രാഹുല്‍. സംഘപരിവാറിന്റെ അജണ്ടകളെ പ്രതിരോധിക്കാനുള്ള കരുത്തും തന്റേടവും ഉണ്ടെന്ന ഉത്തമബോധ്യത്തില്‍ തന്നെയാണ് പാലക്കാട്ടെ പ്രബുദ്ധരായ ജനത രാഹുലിനെ നിയമസഭയിലേക്കെത്തിച്ചത്. അതിനാല്‍ രാഹുല്‍ മാങ്കൂട്ടത്തിന് പാലക്കാട് കാലുകുത്താന്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും സമ്മതം കാക്കേണ്ടതില്ല. ഭീഷണികള്‍ക്ക് മുന്നില്‍ പേടിച്ച് വിറച്ച് സ്വയരക്ഷയ്ക്ക് മാപ്പെഴുതി നല്‍കി തടിതപ്പുന്ന ആര്‍എസ്എസ് രാഷ്ട്രീയ പാരമ്പര്യമല്ല രാഹുലിന്റെത് എന്നുകൂടി ബിജെപിക്കാര്‍ ഓര്‍ക്കുന്നത് നല്ലത് – കെ സുധാകരന്‍ വ്യക്തമാക്കി.

ആര്‍എസ്എസിന്റെയും ബിജെപിയുടെയും വര്‍ഗീയ ആശയങ്ങളെ ശക്തമായി പ്രതിരോധിക്കുകയും അവരുടെ ഭീഷണികളെ നെഞ്ചുറുപ്പോടെ നേരിടുകയും ചെയ്യുന്നവരാണ് ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമെന്നും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ആ പൈതൃകം പേറുന്ന രക്തമാണ് രാഹുല്‍ മാങ്കൂട്ടത്തിന്റെയും സിരകളിലോടുന്നതെന്നും ബിജെപിയുടെ ഭീഷണിയെ നേരിടാനുമുള്ള കരുത്തും സംഘടനാ ശക്തിയും കോണ്‍ഗ്രസിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം ഓലപ്പടക്കം കാട്ടി വിരട്ടണ്ടെന്നും രാഹുലിനെ പാലക്കാട് കാലുകുത്തിക്കില്ലെന്ന് ഭീഷണി മുഴക്കിയ ബിജെപി നേതാവിനെതിരെ പൊലീസ് നിയമപരമായ നടപടി സ്വീകരിക്കണമെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടു.

പാലക്കാട് മുനിസിപ്പല്‍ കൗണ്‍സിലില്‍ പോലും ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായിട്ടാണ് ഹെഡ്ഗെവാറിന്റെ പേര് കെട്ടിടത്തിന് ഇടാന്‍ തീരുമാനമെടുത്തത്. ആര്‍എസ്എസ് സ്ഥാപകനേതാവിന്റെ പേര് അവരുടെ ഓഫീസ് കാര്യാലയത്തിന് ഇട്ടോട്ടെ,പക്ഷെ നഗരസഭയുടെ കീഴില്‍ വരുന്ന പൊതുയിടത്ത് പതിക്കാന്‍ അനുവദിക്കില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു.