NationalTop News

നാഷണൽ ഹെറാൾഡ് കേസ്; സ്വത്ത് കണ്ടുകെട്ടലിൽ തുടർ നടപടികൾ ആരംഭിച്ച് ഇഡി

Spread the love

നാഷണൽ ഹെറാൾഡ് കള്ളപ്പണ കേസിൽ സ്വത്ത് കണ്ടുകെട്ടലിൽ തുടർ നടപടികൾ ആരംഭിച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. കോൺ​ഗ്രസ് നേതാക്കളായ സോണിയ ​ഗാന്ധിക്കും രാഹുൽ ​ഗാന്ധിക്കും ബന്ധമുള്ള യങ് ഇന്ത്യൻ ലിമിറ്റഡ് ഏറ്റെടുത്ത അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ സ്വത്തുക്കൾ ഏറ്റെടുക്കുന്നതിന് രജിസ്ട്രാർമാർക്ക് നോട്ടീസ് അയച്ചു. ഡൽഹി, മുംബൈ, ലക്നൗ എന്നിവിടങ്ങളിലായി എജെഎല്ലിൻ്റെ 700 കോടിയിലധികം വരുന്ന സ്വത്തുക്കൾ ആണ് ഇഡി കണ്ടുക്കെട്ടിയത്.

നാഷണൽ ഹെറാൾഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന എജെഎൽ യങ് ഇന്ത്യൻ ലിമിറ്റഡ് ഏറ്റെടുത്തതിൽ സാമ്പത്തിക ക്രമക്കേടുകളും ഫണ്ട് ദുരുപയോഗവും നടന്നതായാണ് കേസ്. 2023 നവംബറിൽ, ഡൽഹി, മുംബൈ, ലഖ്‌നൗ എന്നിവിടങ്ങളിലെ 661 കോടി രൂപ വിലമതിക്കുന്ന വസ്തുക്കളും 90.2 കോടി രൂപ വിലമതിക്കുന്ന എജെഎൽ ഓഹരികളും ഇഡി താൽക്കാലികമായി കണ്ടുകെട്ടിയിരുന്നു. ഏപ്രിൽ 10 ന് ഈ കണ്ടുകെട്ടൽ സ്ഥിരീകരിച്ചു.

2014 ൽ ഡൽഹി കോടതിയിൽ സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച സ്വകാര്യ ക്രിമിനൽ പരാതിയിൽ നിന്നാണ് 2021 ൽ ഇ.ഡി.യുടെ അന്വേഷണം ആരംഭിച്ചത്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മറ്റ് മുതിർന്ന കോൺഗ്രസ് നേതാക്കൾ എന്നിവർ ചേർന്ന് യംഗ് ഇന്ത്യൻ വഴി 50 ലക്ഷം രൂപയ്ക്ക് എ.ജെ.എല്ലിന്റെ 2,000 കോടി രൂപയിലധികം വിലമതിക്കുന്ന സ്വത്തുക്കൾ വഞ്ചനാപരമായി ഏറ്റെടുത്തതായി പരാതിയിൽ ആരോപിക്കുന്നു.