KeralaTop News

ലൈവ് സ്ട്രീമിങ്ങും റെക്കോർഡിങും ചെയ്യില്ല’; എൻ പ്രശാന്തിന് മറുപടി നൽകി ചീഫ് സെക്രട്ടറി

Spread the love

ഹിയറിങ് റെക്കോർഡ് ചെയ്യണമെന്നും ലൈവ് സ്ട്രീം ചെയ്ത് പൊതുമധ്യത്തിൽ കാണിക്കണമെന്നുമുള്ള എൻ പ്രശാന്ത് ഐഎഎസിന്റെ ആവശ്യത്തിന് രേഖാമൂലം മറുപടി നൽകി ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. ഹിയറിങ്ങിനായി ലൈവ് സ്ട്രീമിങും റെക്കോർഡിങും ഉണ്ടാകില്ലെന്നും ചീഫ് സെക്രട്ടറി മറുപടി നൽകി.

ഈ മാസം 16 നാണ് എൻ പ്രശാന്ത് ഹിയറിങ്ങിനായി നേരിട്ട് ഹാജരാകേണ്ടത്. ഹിയറിങ് അച്ചടക്ക നടപടിയുടെ ഭാഗമല്ലെന്നും പ്രശാന്തിൻ്റെ ആവശ്യപ്രകാരം കാര്യങ്ങൾ നേരിട്ട് കേട്ട് വിലയിരുത്തൽ മാത്രമാണെന്നുമാണ് ചീഫ് സെക്രട്ടറി നൽകുന്ന വിശദീകരണം. മേലുദ്യോഗസ്ഥനെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ചതിന് സസ്പെൻഷനിൽ തുടരുകയാണ് പ്രശാന്ത്. മുഖ്യമന്ത്രി ഇടപെട്ടായിരുന്നു പ്രശാന്തിന് പറയാനുള്ളത് കേൾക്കാൻ ചീഫ് സെക്രട്ടറിയോട് നിർദേശിച്ചത്. അതിനിടെയാണ് നടപടികളിൽ ലൈവ് സ്ട്രീം വേണമെന്ന അസാധാരണ ആവശ്യം പ്രശാന്ത് മുന്നോട്ട വെച്ചത്.

അതേസമയം , മേലുദ്യോഗസ്ഥരെ പരിഹസിച്ച് വീണ്ടും എന്‍ പ്രശാന്ത് ഐഎഎസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു. അടിമക്കണ്ണാകാന്‍ താന്‍ ഇല്ലെന്നും തെറ്റ് ചെയ്തെങ്കിലെ വിധേയനാകേണ്ടതുള്ളൂവെന്നും ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു. തനിക്ക് ഡാന്‍സും പാട്ടും അറിയില്ലെന്നും പരിഹാസ രൂപേണെ കുറിപ്പില്‍ എഴുതിയിട്ടുണ്ട്. ഗോഡ്ഫാദറില്ലാത്ത,വരവില്‍ കവിഞ്ഞ സമ്പാദ്യമില്ലാത്ത,പീഡോഫിലിയ കേസുകളില്ലാത്ത ആളാണ് താനെന്ന ഒളിയമ്പും കുറിപ്പിലുണ്ട്.