‘ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രവുമായി മുന്നോട്ടുപോകും; ഹെഡ്ഗേവാറിന്റെ പേരിൽ തന്നെ കേന്ദ്രം ആരംഭിക്കും’; ഇ കൃഷ്ണദാസ്
ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രവുമായി മുന്നോട്ടുപോകുമെന്ന് പാലക്കാട് നഗരസഭ വൈസ് ചെയർമാൻ ഇ കൃഷ്ണദാസ്. ആർഎസ്എസ് സ്ഥാപകൻ ഡോ കെ.ബി. ഹെഡ്ഗേവാറിന്റെ പേരിൽ തന്നെ കേന്ദ്രം ആരംഭിക്കും. കേസിന് പോയാൽ പ്രതിപക്ഷം തോറ്റു തുന്നം പാടുമെന്നും വൈസ് ചെയർമാൻ ഇ കൃഷ്ണദാസ് പറഞ്ഞു.
എന്ത് പേര് നൽകണമെന്ന് നഗരസഭ ചെയർപേഴ്സന്റെ വിവേചന അധികാരമാണ്. ഹെഡ്ഗേവാറിന്റെ പേര് നൽകുന്നു എന്നത് എവിടെയും മറച്ചു വെച്ചിട്ടില്ല. മുൻ കൗൺസിലുകളിൽ വിഷയം ചർച്ചയ്ക്ക് വെച്ച് പാസാക്കിയതാണെന്ന് ഇ കൃഷ്ണദാസ് പറഞ്ഞു. ഡേ കെയർ സെന്ററിന് പേരിടുന്നതി പ്രതിഷേധവുമായി യുവജനസംഘടനകൾ രംഗത്തെത്തിയിരുന്നു.
ശിലാസ്ഥാപനം നടത്തിയ അധ്യക്ഷ പ്രമീളാ ശശിധരൻ, അധ്യക്ഷൻ ഇ.കൃഷ്ണദാസ് എന്നിവർ വേദിയിലിരിക്കെയാണ് സംഘടനകൾ പ്രതിഷേധവുമായെത്തിയത്. ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലനം ഉൾപ്പെടെ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള കെട്ടിടം ഒന്നേകാൽ കോടി രൂപ ചെലവിൽ സ്വകാര്യ സ്ഥാപനം സാമൂഹിക പ്രതിബദ്ധതാ ഫണ്ടിലുൾപ്പെടുത്തിയാണു നിർമിച്ചു നൽകുന്നത്.