Top NewsWorld

ഹഡ്‌സൺ നദിയിൽ ഹെലികോപ്റ്റർ അപകടം; 6 മരണം, സീമെൻസ് സിഇഒയും കുടുംബവും മരിച്ചു, വീഡിയോ കാണാം

Spread the love

ന്യൂയോർക്ക്: ഹഡ്‌സൺ നദിയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണ് മൂന്ന് കുട്ടികളടക്കം ആറ് പേർ മരിച്ചു. ഹെലികോപ്റ്ററിൽ 6 പേ‌ർ തന്നെയാണ് ആകെ ഉണ്ടായിരുന്നത്. സ്പെയിനിൽ നിന്നെത്തിയ ഒരു അഞ്ചം​ഗ കുടുംബവും പൈലറ്റും ഉൾപ്പെടെയാണ് മരിച്ചത്. ഇതിനിടെ, സീമെൻസിന്റെ പ്രസിഡന്റും സിഇഒയുമായ അഗസ്റ്റിൻ എസ്കോബാറും ഭാര്യയും 3 കുട്ടികളുമാണ് മരിച്ചതെന്ന് റിപ്പോ‍‌ർട്ടുകളുണ്ട്. എന്നാൽ ഇത് ഔദ്യാ​ഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അപകട സ്ഥലത്ത് വച്ച് 4 പേരും രക്ഷാ ദൗത്യത്തിന് കൊണ്ട് പോകും വഴിയിൽ 2 പേരും വച്ച് മരിക്കുകയായിരുന്നു. 6 പേരെയും നദിയിൽ നിന്ന് കണ്ടെത്തിയെങ്കിലും ആരെയും രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് മേയർ എറിക് ആഡംസ് പറഞ്ഞു. വളരെ ദാരുണമായ അപകടമാണ് സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേ‌‍‌ർത്തു.

സംഭവം നടന്നതോടെ ന്യൂയോർക്കിൽ നിന്നും ന്യൂജേഴ്‌സിയിൽ നിന്നുമുള്ള പൊലീസ് സന്നാഹവും അഗ്നിശമന സേനാ കപ്പലുകളും സ്ഥലത്തെത്തിയിരുന്നു. മോശം കാലാവസ്ഥ കാരണം പൈലറ്റിന് ഹെലികോപ്റ്റ‌ർ നിയന്ത്രിക്കാൻ കഴിയാതിരുന്നതാണ് അപകട കാരണമെന്ന് NBC4 ചാനൽ റിപ്പോർട്ട് ചെയ്തു. ന്യൂയോർക്കിൽ കനത്ത മേഘാവൃതമായിരുന്നു കാലാവസ്ഥ.

അപകട സമയത്ത് വിമാനത്തിൽ നിന്ന് ഒരു റോട്ടർ ബ്ലേഡ് അഴിഞ്ഞുപോയത് കണ്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിലും വിമാനത്തിന്റെ ഭാഗങ്ങൾ പൊട്ടിപ്പോകുന്നതും ഹെലികോപ്റ്റർ നദിയിലേക്ക് വീഴുന്നതും കാണാം.

ഹഡ്‌സൺ നദിയിൽ ഉണ്ടായ ഭയാനകമായ ഹെലികോപ്റ്റർ അപകടത്തിൽ പൈലറ്റും, മാതാപിതാക്കളും, 3 കുട്ടികളും മരിച്ചു. അവ‌ർ നമ്മെ വിട്ടു പിരിഞ്ഞു. അപകടത്തിന്റെ ദൃശ്യങ്ങൾ ഭയാനകമാണെന്നും അപകടത്തെക്കുറിച്ച് പ്രതികരിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പറഞ്ഞു.