NationalTop News

നൈനാർ നാഗേന്ദ്രൻ ബിജെപി തമിഴ്നാട് അധ്യക്ഷനാകും

Spread the love

തമിഴ്നാട് ബിജെപിക്ക് ഇനി പുതിയ മുഖം. ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് നൈനാർ നാഗേന്ദ്രൻ നാമനിർദേശ പത്രിക നൽകി. പാർട്ടി ആസ്ഥാനമായ കമലാലയത്തിൽ കെ അണ്ണാമലൈയോടൊപ്പമാണ് പത്രിക നൽകാൻ നൈനാർ എത്തിയത്. നിലവിൽ അധ്യക്ഷ സ്ഥാനത്തേക്കുള്ള പത്രിക നൽകിയത് നൈനാർ മാത്രമാണ്. ഔദ്യോഗിക പ്രഖ്യാപനം നാളെ വൈകിട്ട് ഉണ്ടാകും.

പത്ത് വർഷമായി ബിജെപി അംഗം ആയിരിക്കണമെന്ന നിബന്ധനയിൽ നൈനാറിന് കേന്ദ്രനേതൃത്വം ഇളവ് നൽകിയിരുന്നു. നൈനാർ ബിജെപിയിൽ എത്തിയിട്ട് എട്ട് വർഷം മാത്രമേ ആയിട്ടുള്ളൂ. 2017ൽ ആണ് നൈനാർ നാഗേന്ദ്രൻ എഐഎഡിഎംകെ വിട്ട് ബിജെപിയിൽ എത്തിയത്. നിലവിൽ തിരുനൽവേലിയിൽ നിന്നുള്ള എംഎൽഎയും ബിജെപി നിയമസഭാകക്ഷി നേതാവും ആണ്.
കെ അണ്ണാമലൈ അധ്യക്ഷ സ്ഥാനത്തുനിന്ന് പടിയിറങ്ങും എന്ന് ഉറപ്പിച്ചതിന് പിന്നാലെ ഏറ്റവും സാധ്യത കൽപ്പിക്കപ്പെട്ടിരുന്നത് നൈനാർ നാഗേന്ദ്രന് തന്നെയായിരുന്നു. കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ നൈനാർ നാഗേന്ദ്രൻ നേരത്തെ തന്നെ ഉറപ്പാക്കിയിരുന്നു. ഇന്നലെ ചെന്നൈയിൽ എത്തിയ അമിത് ഷാ അണ്ണാമലൈ ഉൾപ്പടെയുള്ള പ്രധാന നേതാക്കളുമായി ചർച്ച നടത്തി സമവായത്തിലെത്തി. പ്രവർത്തകർക്കിടയിൽ ആവേശമുണ്ടാക്കിയിരുന്ന അണ്ണാമലൈയെ നീക്കുന്നതിൽ പാർട്ടിക്കുള്ളിൽ നീരസമുണ്ട്. വീണ്ടും എൻഡിഎ ക്യാമ്പിലേക്ക് എത്തുന്ന എഐഎഡിഎംകെയുടെ പിന്തുണ ഉറപ്പിക്കാൻ ആയതും തേവർ സമുദായത്തിൽ നിന്നുള്ള നേതാവ് എന്ന പ്രത്യേകതയും നൈനാർ നാഗേന്ദ്രന് പ്ലസ് പോയിന്റ് ആയി.