മാസപ്പടിക്കേസ്; എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് വിചാരണ കോടതി സ്വീകരിച്ചു
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട സിഎംആര്‍എല്‍ – എക്‌സാലോജിക് കരാറിലെ എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് വിചാരണ കോടതി സ്വീകരിച്ചു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. കേസിൽ പ്രതികളായ വീണ അടക്കമുള്ളവർക്ക് സമൻസ് അയക്കുകയാണ് ഇനി കോടതിയുടെ അടുത്ത നടപടി.
കുറ്റപത്രം കോടതി സ്വീകരിച്ചതിനാൽ ഇനി സ്വാഭാവിക നടപടിയിലേക്ക് കടക്കുകയാണ് ചെയ്യുക. കേസിലെ പ്രതികൾ കോടതിക്ക് മുന്നിൽ ഹാജരാകേണ്ടി വരും.എസ്എഫ്ഐഒ തുടര്നടപടിയുമായി മുന്നോട്ട് പോകും. നേരത്തെ ഇ ഡി കേസിലെ കുറ്റപത്രം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു, ഇനി ഈ കുറ്റപത്രത്തിന്റെ ഒരു പകർപ്പ് ഇതിനോടകം തന്നെ ഇ ഡിക്കും ലഭിക്കും .
അതേസമയം, മാസപ്പടിക്കേസിലെ എസ്എഫ്‌ഐഒ തുടര്‍നടപടികള്‍ക്ക് സ്റ്റേയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. എസ്എഫ്‌ഐഒ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കഴിഞ്ഞാല്‍ എങ്ങനെ റദ്ദാക്കാന്‍ കഴിയുമെന്ന് ഡല്‍ഹി ഹൈക്കോടതി ചോദിച്ചു. നേരത്തേ കേസ് പരിഗണിച്ച ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ചിലേക്ക് സിഎംആര്‍എലിന്റെ ഹര്‍ജികള്‍ മാറ്റിയിട്ടുണ്ട്. ഈമാസം ഇരുപത്തി ഒന്നിന് പുതിയ ബെഞ്ച് വാദം കേള്‍ക്കും. അന്വേഷണ റിപ്പോര്‍ട്ടില്‍ ശശിധരന്‍ കര്‍ത്തയാണ് ഒന്നാംപ്രതി. മുഖ്യമന്ത്രിയുടെ മകള്‍ വീണ പതിനൊന്നാം പ്രതിയാണ്.
