Friday, April 25, 2025
Latest:
KeralaTop News

കെഎം എബ്രഹാം കോടതിയിൽ പറഞ്ഞത് പച്ചക്കള്ളം, നടത്തിയത് വലിയ അഴിമതി: ജോമോൻ പുത്തൻപുരയ്‌ക്കൽ

Spread the love

അഴിമതിക്കാരായ സർക്കാർ ഉദ്യോഗസ്ഥർക്കുള്ള മറുപടിയാണ് ഹൈക്കോടതി ഉത്തരവെന്ന് പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കൽ. മുൻ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഇത്തരവിട്ടതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്.

കെഎം എബ്രഹാം കോടതിയിൽ പറഞ്ഞത് പച്ചക്കള്ളമാണ്. വലിയ അഴിമതിയാണ് നടത്തിയിരിക്കുന്നത്. സിബിഐ അന്വേഷണത്തിൽ സത്യം പുറത്ത് വരുമെന്നും ജോമോൻ പുത്തൻപുരയ്ക്കൽ പ്രതികരിച്ചു. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തിലാണ് കെഎം എബ്രഹാമിനെതിരെ സിബിഐ അന്വേഷണം.
ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് കെ എം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണ ചുമതല സിബിഐ കൊച്ചി യൂണിറ്റിന് കൈമാറിയ കോടതി കേസുമായി ബന്ധപ്പെട്ട രേഖകൾ വിജിലൻസ് എത്രയും വേഗം സിബിഐ സംഘത്തിന് കൈമാറണമെന്നും നിർദേശിച്ചു.

കെ എം എബ്രഹാം 2015 ൽ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി ചുമതലയിൽ ഇരിക്കെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് ആരോപിച്ചായിരുന്നു ഹർജി.

സംസ്ഥാന വിജിലൻസ് കെ എം എബ്രഹാമിനെതിരായ പരാതി അന്വേഷിച്ച് തള്ളിയിരുന്നു. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെയാണ് അന്വേഷണം നടന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് കെഎം എബ്രഹാമിന്‍റെ വീട് അളന്നതും ചോദ്യം ചെയ്തതും വിവാദമായിരുന്നു.മുൻ ചീഫ് സെക്രട്ടറിയും നിലവിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ എബ്രഹാം കിഫ്ബി സിഇഒ എന്നി പദവികളിൽ തുടരുകയാണ്.