ഇതുവരെ മദ്യപിച്ചിട്ടില്ല’; KSRTCയിലെ ബ്രത്ത് അനലൈസര്‍ പരിശോധനാ ഫലത്തിന് എതിരെ പരാതിയുമായി ഡ്രൈവര്‍
കെഎസ്ആർടിസിയിൽ വീണ്ടും ബ്രത്ത് അനലൈസർ വിവാദം. പാലോട് – പേരയം റൂട്ടിലെ ഡ്രൈവർ പച്ചമല സ്വദേശി ജയപ്രകാശ് ആണ് പരാതിയുമായി രംഗത്തുള്ളത്. ജീവിതത്തിൽ ഒരിക്കൽ പോലും മദ്യപിച്ചിട്ടില്ലാത്ത താൻ ബ്രത്ത് അനലൈസറിൽ ഊതിയപ്പോൾ സിഗ്നൽ കാണിച്ചുവെന്ന് ജയപ്രകാശ് പറയുന്നു. മെഷിൻ കേടാണെന്നാണ് ആരോപണം. ജയപ്രകാശ് കുടുംബസമേതം കെ എസ് ആർ ടി സി ഡിപ്പോയിൽ എത്തി പ്രതിഷേധിച്ചു. അന്വേഷണം ആവശ്യപ്പെട്ട് പായവിരിച്ച് ഉപവാസം അനുഷ്ടിച്ചാണ് പ്രതിഷേധം.
ഹോമിയോ മരുന്ന് കഴിച്ച കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവര്‍ ബ്രത്ത് അനലൈസര്‍ പരിശോധനയിൽ പോസിറ്റീവ് ആയത് വിവാദമായതിന് പിന്നാലെയാണ് പുതിയ സംഭവം. ഇന്ന് രാവിലെ പാലോട് – പേരയം റൂട്ടിൽ ബസ് ഓടിക്കാൻ എത്തിയ ഡ്രൈവർ ജയപ്രകാശിനെ ബ്രത്ത് അനലൈസർ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോൾ പോസിറ്റീവ് സിഗ്നൽ കാണിച്ചു. എന്നാൽ ജീവിതത്തിൽ ഇതുവരെ മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ജയപ്രകാശ് കഴിഞ്ഞ രണ്ട് ആഴ്ച്ചയായി മെഷീൻ തകരാറിലാണെന്ന് ആരോപിച്ചു.
ജോലി മുടങ്ങിയതോടെ പാലോട് പൊലീസ്സ്റ്റേഷനിൽ ജയപ്രകാശ് പരാതി നൽകി. താൻ മദ്യപിച്ചു എന്നറിയാൻ മെഡിക്കൽ ടെസ്റ്റ് നടത്തണം എന്നാവശ്യപ്പെട്ട ആയിരുന്നു പരാതി.