KeralaTop News

താമരശ്ശേരി ഷഹബാസ് കൊലക്കേസ്; പ്രതികളായ വിദ്യാർഥികളുടെ ജാമ്യ ഹർജിയിൽ വിധി ഇന്ന്

Spread the love

താമരശ്ശേരി പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസ് വധക്കേസിൽ പ്രതികളായ വിദ്യാർഥികളുടെ ജാമ്യഹർജിയിൽ ഇന്ന് വിധി പറഞ്ഞേക്കും. കഴിഞ്ഞ വ്യാഴാഴ്ച ജാമ്യാപേക്ഷയിൽ വാദം പൂർത്തിയാക്കിയെങ്കിലും വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

ജുവനൈൽ ഹോമിൽ കഴിയുന്ന ആറു പേരുടെ ജാമ്യാപേക്ഷയാണ് ജില്ലാ സെഷൻസ് കോടതിയുടെ പരിഗണനയിലുള്ളത്. ജാമ്യം നൽകരുതെന്നും പ്രായപൂർത്തിയാകാത്ത കാര്യം കേസിൽ പരിഗണിക്കരുതെന്നും പ്രോസിക്യൂഷനും ഷഹബാസിന്റെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. കൃത്യമായി ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണ്. വിദ്യാർഥികളുടെ സമൂഹ മാധ്യമത്തിലെ ചാറ്റുകൾ ഇതിന് തെളിവാണ്. ജാമ്യം കിട്ടി പുറത്തിറങ്ങിയാൽ കുട്ടികൾ സാക്ഷികളെ സ്വാധീനിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങുമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.

അതേസമയം, പ്രായപൂർത്തിയാകാത്തതിനാൽ ജാമ്യം അനുവദിക്കണമെന്ന് പ്രതികളായ കുട്ടികളുടെ രക്ഷിതാക്കൾ അഭ്യർഥിച്ചിരുന്നു. ഒരു മാസത്തിലധികമായി ജുവനൈൽ ഹോമിൽ കഴിയുകയാണ്. ഇത് കുട്ടികളുടെ മാനസികാവസ്ഥയെ സാരമായി ബാധിക്കുമെന്നും രക്ഷിതാക്കൾ കോടതിയെ ബോധിപ്പിച്ചിരുന്നു.ഫെബ്രുവരി 28 നായിരുന്നു താമരശ്ശേരിയിൽ ട്യൂഷൻ ക്ലാസ്സിലെ വിദ്യാർഥികൾ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായത്. ഇതിനിടെയാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. മാർച്ച് 1ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഷഹബാസ് മരിച്ചു.