MoviesTop News

സ്റ്റണ്ട് കൊറിയോഗ്രാഫിക്ക് ഓസ്കർ നൽകാനൊരുങ്ങി അക്കാദമി

Spread the love

തിയറ്ററിലെ കരഘോഷത്തിനായി ജീവൻ പണയം വെച്ച് ചെയ്യുന്ന സിനിമയിലെ സ്റ്റണ്ട് വാർക്കുകൾക്ക് ഇനി ഓസ്കർ ലഭിക്കും. 2028 നടക്കുന്ന ഓസ്കാർ ദാന ചടങ്ങ് മുതൽ സ്റ്റണ്ട്മാൻമാരുടെ പ്രയത്നത്തിനെ അംഗീകരിക്കാൻ തീരുമാനിച്ചതായി ദി ബോർഡ് ഓഫ് ഗവർണേഴ്‌സ് ഓഫ് ദി അക്കാദമി ഓഫ് ദി മോഷൻ പിക്ച്ചർ ആർട്ട്സ് ആൻഡ് സയൻസസ് അറിയിച്ചു.

സിനിമയിലെ സ്റ്റണ്ട് വർക്കിന്‌ സിനിമയോളം തന്നെ പഴക്കമുണ്ടെങ്കിലും ഒരു നൂറ്റാണ്ടിനടുത്ത് സമയം വേണ്ടി വന്നു ഓസ്‌കറിന്‌ സിനിമയിലെ ഏറ്റവും അപകടകരവും, ആയാസകരവുമായ ജോലിയെ അംഗീകരിക്കാനുള്ള തീരുമാനമെടുക്കാൻ എന്നത് ശ്രദ്ധേയമാണ്. ഏറെ വർഷമായി സ്റ്റണ്ട് വർക്കിനെ ഒരു അവാർഡ് ക്യാറ്റഗറിയായി ഉൾപ്പെടുത്താനുള്ള നിർദേശങ്ങളും, ചർച്ചകളും നടന്നിരുന്നെങ്കിലും അതൊരു തീരുമാനമാകാൻ 2025 വരെ കാത്തിരിക്കേണ്ടി വന്നു.

ഡെഡ്പൂൾ 2, ബുള്ളെറ്റ് ട്രെയിൻ, ഫാൾ ഗൈ, അറ്റോമിക്ക് ബ്ലോണ്ട്, ഫാസ്റ്റ് ആൻഡ് ഫ്യുരിയസ് : ഹോബ്സ് ആൻഡ് ഷോ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ ഡേവിഡ് ലെയ്ച്ച് ആണ് സ്റ്റണ്ട് വർക്കിനെ ഒരു ക്യാറ്റഗറിയാക്കി ഉൾപ്പെടുത്താൻ മുൻകൈ എടുത്തത്. ആദ്യം ഒരു സ്റ്റണ്ട്മാൻ ആയി കരിയർ ആരംഭിച്ച് സംവിധാന രംഗത്തേക്ക് കടന്ന ഡേവിഡ് ലെയ്ച്ചിന്റെ അവസാനം റിലീസായ ചിത്രമായ ‘ഫാൾ ഗൈ’ ഒരു സ്റ്റണ്ട്മാന്റെ ജീവിതമായിരുന്നു പറഞ്ഞത്.

“ജോണർ വ്യത്യാസമില്ലാതെ എല്ലാ തരാം സിനിമകൾക്കും എന്തെങ്കിലും ഒരു തരം സ്റ്റണ്ട് വർക്ക് ആവശ്യമായി വരാറുണ്ട്. ബസ്റ്റർ കീറ്റൺ, ചാർളി ചാപ്ലിൻ, ഹാരോൾഡ്‌ ലോയ്ഡ്, പോലുള്ള നടന്മാരിലൂടെയും സ്റ്റണ്ട് കോർഡിനേറ്റേഴ്‌സ്, ഡിസൈനേഴ്സ്, പെർഫോർമേഴ്‌സ് തുടങ്ങിയവരിലൂടെയും ഈ തൊഴിൽ മേഖല സിനിമയുടെ ആഴങ്ങളിൽ വേരോടിയിരിക്കുന്നു. ഈ മേഖലയിൽ പ്രവർത്തിച്ച അനേകം മഹാരഥന്മാരുടെ തോളിലേറി നിന്നുകൊണ്ട് ഇങ്ങനെയൊരു നിമിഷത്തിനു വേണ്ടി ഒരുപാട് കാലമായി യത്നിക്കുന്നു, അക്കാദമിക്ക് നന്ദി” ഡേവിഡ് ലെയ്ച്ച് പറയുന്നു, 2027ൽ റിലീസ് ചെയ്യുന്ന സിനിമകളാവും ഈ ക്യാറ്റഗറിയിൽ മത്സരിക്കാൻ യോഗ്യത നേടുക.