NationalTop News

മുംബൈ ഭീകരാക്രമണത്തിന്റെ ഒരുപാട് രഹസ്യങ്ങൾ തഹാവൂർ റാണയ്ക്ക് അറിയാം, ഇന്ത്യയ്ക്ക് ഇത് നിർണായക നേട്ടം; ലോക്നാഥ് ബെഹ്‌റ

Spread the love

മുംബൈ ഭീകരാക്രമണ കേസിൽ മുഖ്യ ഗൂഢാലോചകൻ തഹാവൂർ റാണയ്ക്ക് പരമാവധി ശിക്ഷ ഉണ്ടാകുമെന്നാണ് പ്രതിക്ഷയെന്ന് മുൻ ഡിജിപി ലോക്നാഥ് ബെഹ്‌റ. റാണയെ ഇന്ത്യയിൽ എത്തിക്കാൻ സാധിച്ചത് നിർണായക നേട്ടമാണ്.

ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ച് 14 വര്‍ഷത്തിന് ശേഷമാണ് റാണയെ ഇന്ത്യയില്‍ എത്തിക്കുന്നത്. ആക്രമണം നടത്താൻ മറ്റാരെങ്കിലും സഹായിച്ചിരുന്നോ ഏതെങ്കിലും തരത്തിൽ പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം ഇനി അറിയാൻ സാധിക്കും, ലോക്നാഥ് ബെഹ്‌റ പറഞ്ഞു. കേസിൽ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ അമേരിക്കയില്‍ പോയി ചോദ്യം ചെയ്ത ഉദ്യോഗസ്ഥനാണ് ലോക്‌നാഥ് ബെഹ്‌റ.
ഇന്ത്യയ്ക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നത് സുവർണാവസരമാണ്. ഒരുപാട് രഹസ്യങ്ങള്‍ റാണക്ക് അറിയാം, പുതിയ പേരുകള്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. റാണയ്‌ക്കെതിരെ നിരവധി തെളിവുകൾ ശേഖരിച്ചിരുന്നു. മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് ഓരോ ഇന്ത്യക്കാരുടെയും മനസിലുള്ള ചോദ്യങ്ങൾക്ക് ഇതോടെ ഉത്തരം ലഭിക്കും ബെഹ്‌റ കൂട്ടിച്ചേർത്തു.

റാണ കൊച്ചിയിൽ വന്നതടക്കമുള്ള തെളിവുകൾ അന്ന് ലഭിച്ചിരുന്നു. ഡേവിഡ് ഹെഡ്‌ലിയെ ചോദ്യം ചെയ്തപ്പോൾ റാണയെ കുറിച്ച് പറഞ്ഞിരുന്നു. പാസ്പോർട്ട് ഉണ്ടാക്കികൊടുത്തതും ഡേവിഡ് കോൾമാൻ ഹെഡ്‌ലിയ്ക്ക് എല്ലാ സഹായവും ചെയ്തുകൊടുത്തതും റാണയാണ്. ഇരുവരും തമ്മിൽ നൂറിലധികം ഫോൺ കോളുകളാണ് ചെയ്തിരുന്നത്. റാണ നിരവധി തവണ ഇന്ത്യയിൽ എത്തിയത്തിന്റെ തെളിവുകളുണ്ട്. റാണയ്ക്ക് പരമാവധി ശിക്ഷ ഉണ്ടാകുമെന്നാണ് പ്രതിക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.