KeralaTop News

മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസം ;ബാങ്ക് വായ്പ എഴുതത്തള്ളുന്നതിൽ ഇടക്കാല ഉത്തരവിറക്കാൻ ഹൈക്കോടതി

Spread the love

മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതത്തള്ളുന്നതിൽ ഇടക്കാല ഉത്തരവിറക്കാൻ ഹൈക്കോടതി. വായ്പ എഴുതിത്തള്ളണമെന്ന ആവശ്യം ആവർത്തിച്ച് ഹൈക്കോടതി ഇന്നും രംഗത്തെത്തി. ആവശ്യം ആദ്യം എതിർത്ത കേന്ദ്രസർക്കാർ, ഹൈക്കോടതി ഉത്തരവിടുകയാണെങ്കിൽ പരിഗണിക്കാമെന്ന് മറുപടി നൽകി.റിസര്‍വ്വ് ബാങ്കിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വായ്പ എഴുതിത്തള്ളൽ ആവശ്യത്തെ കേന്ദ്രസർക്കാർ പ്രതിരോധിച്ചത്. മറ്റ് നിക്ഷേപകരുടെ പണം സ്വീകരിച്ചാണ് ബാങ്കുകള്‍ വായ്പ നല്‍കുന്നത്,ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്ന് ബാങ്കുകളെ നിര്‍ബന്ധിക്കാനാവില്ല,വായ്പ എഴുതിത്തള്ളുന്നത് ബാങ്കുകളുടെ വിവേചനാധികാരമാണ് സുപ്രിംകോടതിയുടെ ഉത്തരവിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും മൊറട്ടോറിയം മാത്രമാണ് പരിഗണിക്കാൻ ആവുകയെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

എന്നാൽ കൊവിഡ് കാലവും വയനാട്ടിലെ ദുരന്ത സാഹചര്യവും വ്യത്യസ്തമെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ജനങ്ങളുടെ ജീവിത സാഹചര്യം നഷ്ടപ്പെട്ട ദുരന്തമാണ് വയനാട്ടിലേതെന്ന് ഓർമ്മപ്പെടുത്തി.വായ്പ എഴുതിത്തള്ളാന്‍ കേരള ബാങ്ക് തീരുമാനമെടുത്തു.സമാന തീരുമാനമെടുക്കാന്‍ ഇടക്കാല ഉത്തരവിലൂടെ കേന്ദ്രത്തോട് നിര്‍ദ്ദേശിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഇതിനിടെ ബാങ്ക് വായ്പ എഴുതിത്തള്ളേണ്ടെന്ന തീരുമാനം മുഖ്യമന്ത്രി പങ്കെടുത്ത SLBC യോഗത്തിന്റെ ശുപാര്‍ശ അനുസരിച്ചെന്ന കേന്ദ്രസർക്കാർ വാദത്തിനെതിരെ സംസ്ഥാനം രംഗത്തെത്തി. ബാങ്ക് വായ്പ എഴുതിത്തള്ളണമെന്നാണ് SLBC യോഗത്തിന്റെ ശുപാര്‍ശയെന്ന് സംസ്ഥാനം സത്യവാങ്മൂലത്തിലൂടെ ചൂണ്ടിക്കാട്ടി. വായ്പ എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും SLBC യോഗത്തില്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പങ്കെടുത്ത രണ്ട് SLBC യോഗത്തിന്റെയും രേഖകള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹാജരാക്കി.