KeralaTop News

മുവാറ്റുപുഴ ലഹരി കേസ്: പിടിയിലായവര്‍ വിദ്യാര്‍ഥികളെയും സിനിമ മേഖലയിലുള്ളവരേയും കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്നവര്‍

Spread the love

മുവാറ്റുപുഴയില്‍ ലഹരിയുമായി പിടിയിലായവര്‍ വിദ്യാര്‍ഥികളെയും സിനിമ മേഖലയില്‍ ഉള്ളവരേയും കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്നവര്‍. രണ്ടാം പ്രതി ഹരീഷ് അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്തിരുന്നു. ലഹരി സംഘത്തിന്റെ പക്കല്‍ നിന്നും പിടികൂടിയ എയര്‍ പിസ്റ്റള്‍ ഫോറന്‍സിക്ക് പരിശോധനക്ക് അയക്കുമെന്ന് എക്‌സൈസ് വ്യക്തമാക്കി.

ഹരീഷ്, സജിന്‍, ഷാലിം മൂന്നുപേരയാണ് മുവാറ്റുപുഴ എക്‌സൈസ് ഇന്നലെ പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും എംഡിഎംഎ, കഞ്ചാവ്, ഒരു എയര്‍ പിസ്റ്റള്‍ എന്നിവ പിടിച്ചെടുത്തിരുന്നു. ഹരീഷ് സിനിമ മേഖലയിലുള്ള വര്‍ക്ക് ലഹരി വിപണനം നടത്തുന്നയാളാണെന്ന് എക്‌സൈസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ ബാങ്ക് ഇടപ്പടുകള്‍ പരിശോധിച്ച് വരുകയാണ്. കേസിലെ ഒന്നാം പ്രതി ഷാലിം ഒരു മാസം മുന്‍പ് എംഡിഎംഎയുമായി പിടിയിലായിരുന്നു. ബെംഗളൂരുവില്‍ നിന്നും എംഡിഎംഎ എത്തിച്ച് സിനിമാക്കാര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും വിപണനം നടത്തുന്നതാണ് ഇവരുടെ രീതി.

ഇവരില്‍ പിടിച്ചെടുത്ത എയര്‍ പിസ്റ്റലിന് ഒരു രേഖയുമില്ല. തോക്ക് ഉപയോഗിച്ചതായും സംശയമുണ്ട്. ഈ പശ്ചാത്തലത്തിലാണ് തോക്ക് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാനുള്ള തീരുമാനം. പിടിയിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. കേസില്‍ കൂടുതല്‍ കണ്ണികള്‍ക്ക് ബന്ധമുള്ളതായാണ് സംശയം.