KeralaTop News

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതരുടെ വായ്പകൾ എഴുതി തള്ളാൻ കേന്ദ്രം വിവേചനാധികാരം ഉപയോഗിക്കണം; ഇടക്കാല ഉത്തരവിറക്കി ഹൈക്കോടതി

Spread the love

മുണ്ടക്കൈ – ചൂരല്‍മല ദുരന്ത ബാധിതരുടെ വായ്പ എഴുതി തള്ളലിൽ ഇടക്കാല ഉത്തരവിറക്കി ഹൈക്കോടതി. കേന്ദ്ര സര്‍ക്കാരും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും വിവേചനാധികാരം വിനിയോഗിക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. ബാങ്ക് വായ്പ എഴുതിത്തള്ളാന്‍ നിര്‍ദ്ദേശിക്കാന്‍ ദുരന്ത നിവാരണ നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥ ഉപയോഗിക്കാന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റി തയ്യാറാകണമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വായ്പ എഴുതിത്തള്ളാത്ത ബാങ്കുകളുടെ നടപടി ഹൃദയശൂന്യതയാണെന്നും ഹൈക്കോടതി വിലയിരുത്തി.

ജീവിതം നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വരണം.കേന്ദ്ര സര്‍ക്കാര്‍ ക്ഷേമ രാഷ്ട്രത്തിലെ ഭരണ നിര്‍വഹണം നടത്തുമെന്നാണ് തങ്ങൾ കരുതുന്നുതെന്നും എഴുതിത്തള്ളേണ്ടത് വലിയ തുകയല്ലെന്നും ഹൈക്കോടതി കേന്ദ്രത്തെ ഓര്‍മ്മിപ്പിച്ചു. എന്നാൽ ബാങ്ക് വായ്പ എടുത്ത ആളുകൾക്ക് ഒരു ആശ്വാസം പകരുന്ന ഇടക്കാല ഉത്തരവാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.

അതേസമയം, റിസര്‍വ് ബാങ്കിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വായ്പ എഴുതിത്തള്ളൽ ആവശ്യത്തെ കേന്ദ്രസർക്കാർ പ്രതിരോധിക്കുന്നത്. മറ്റ് നിക്ഷേപകരുടെ പണം സ്വീകരിച്ചാണ് ബാങ്കുകള്‍ വായ്പ നല്‍കുന്നത്. ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്ന് ബാങ്കുകളെ നിര്‍ബന്ധിക്കാനാവില്ല.

വായ്പ എഴുതിത്തള്ളുന്നത് ബാങ്കുകളുടെ വിവേചനാധികാരമാണ്. സുപ്രീംകോടതിയുടെ ഉത്തരവിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും മൊറട്ടോറിയം മാത്രമാണ് പരിഗണിക്കാൻ ആവുകയെന്നും കേന്ദ്രം കോടതിയെ അറിയിക്കുകയായിരുന്നു. എന്നാൽ കൊവിഡ് കാലവും വയനാട്ടിലെ ദുരന്ത സാഹചര്യവും വ്യത്യസ്തമെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ജനങ്ങളുടെ ജീവിത സാഹചര്യം നഷ്ടപ്പെട്ട ദുരന്തമാണ് വയനാട്ടിലേതെന്ന് ഓർമ്മപ്പെടുത്തിയിരുന്നു.