SportsTop News

രക്ഷയില്ലാതെ ചെന്നൈ; പഞ്ചാബ് കിങ്‌സിനോട് 18 റണ്‍സിന് തോല്‍വി

Spread the love

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തുടര്‍ച്ചയായ നാലാം തോല്‍വി. പഞ്ചാബ് കിങ്‌സിനോട് 18 റണ്‍സിനാണ് ചെന്നൈ തോറ്റത്. 220 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 5 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. എംഎസ് ധോണി 12 പന്തില്‍ 27 റണ്‍സോടെ ചെന്നൈക്കായി പൊരുതി. പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 59 റണ്‍സ് ചെന്നൈ നേടി. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ രച്ചിന്‍ രവീന്ദ്രയുടെ വിക്കറ്റ് ഗ്ലെന്‍ മാക്‌സ്വെല്‍ നേടി. തൊട്ടടുത്ത ഓവറില്‍ റിതുരാജ് റിതുരാജ് ഗെയ്ക്വാദും പുറത്തായി. ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ ഡീപ് മിഡ് വിക്കറ്റില്‍ നിലയുറപ്പിച്ച ശശാങ്ക് സിംഗ് ക്യാച്ചെടുത്താണ് ക്യാപ്റ്റനെ പുറത്താക്കിയത്.

പിന്നീട് ഇംപാക്റ്റ് പ്ലേയറായി എത്തിയ ശിവം ദുബേ ഡെവണ്‍ കോണ്‍വേയുമായി ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് പുറത്തെടുത്തു. 51 പന്തില്‍ 89 റണ്‍സ് ഇവര്‍ നേടി. 27 പന്തില്‍ 42 റണ്‍സാണ് ദുബേ നേടിയത്. 16-ാം ഓവറില്‍ പന്തെറിയാനെത്തിയ ഫെര്‍ഗൂസണ്‍ ദുബെയെ പുറത്താക്കി.

പിന്നീട് ക്രീസിലെത്തിയത് മഹേന്ദ്ര സിങ് ധോണിയാണ്. 18-ാം ഓവറില്‍ ഡെവോണ്‍ കോണ്‍വെ റിട്ടയേഡ് ഔട്ട് ആകുകയും പകരം ജഡേജ ക്രീസിലെത്തുകയും ചെയ്തു. അവസാന രണ്ട് പന്തുകള്‍ അതിര്‍ത്തി കടത്തി ധോണി ചെന്നൈ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി. തൊട്ടടുത്ത ഓവറിലും ധോണിയുടെ ബാറ്റില്‍ നിന്ന് സിക്‌സറും ഫോറും പറന്നതോടെ ചെന്നൈ വിജയപ്രതീക്ഷയിലായി.

അവസാന ഓവറില്‍ 28 റണ്‍സായിരുന്നു ചെന്നൈക്ക് നേടേണ്ടിയിരുന്നത്. എന്നാല്‍ അവസാന ഓവറിലെ ആദ്യ പന്തില്‍ യഷ് താക്കൂര്‍ ധോണിയെ പുറത്താക്കി. ഇതോടെ പഞ്ചാബ് വിജയത്തിലേക്കെത്തി. 12 പന്തില്‍ 27 റണ്‍സ് നേടിയ ധോണി മൂന്ന് സിക്‌സുകളാണ് പറത്തിയത്.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് പ്രിയാന്‍ഷ് ആര്യയുടെ സെഞ്ചുറിക്കരുത്തിലാണ് 6 വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെടുത്തത്. പ്രിയാന്‍ഷ് 42 പന്തില്‍ 103 റണ്‍സെടുത്തു.