KeralaTop News

രണ്ട് കൈകൾ കൊണ്ട് മണ്ണിൽ ഇഴഞ്ഞ് പ്രതിഷേധിക്കും; സമരം കടുപ്പിക്കാൻ വനിതാ CPO ഉദ്യോഗാർത്ഥികൾ

Spread the love

വനിത സിവിൽ പൊലീസ് റാങ്ക് ഹോൾഡേഴ്സ് ഇന്നും കടുത്ത സമര രീതികൾ പ്രയോഗിക്കും. പൊലീസിലെയും സൈന്യത്തിലെയും കടുത്ത പരിശീലന രീതിയായ രണ്ട് കൈകൾ കൊണ്ട് മണ്ണിൽ ഇഴഞ്ഞാണ് രാവിലത്തെ പ്രതിഷേധം. രാവിലെ 10.30 നാണ് ഈ പ്രതിഷേധം. ഇന്ന് രാത്രി 8 മണിക്ക് കയ്യിൽ കർപ്പൂരം വെച്ച് കത്തിച്ചും പ്രതിഷേധം നടത്തും. സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന നിരാഹാര സമരം ഇന്ന് ഏഴാം ദിവസമാണ്.

വനിതാ പൊലീസ് റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നാണ് പ്രധാന സമരാവശ്യം. നിലവിൽ റാങ്ക് ലിസ്റ്റ് കാലാവധി കഴിയാൻ ഇനി 11 ദിവസം കൂടി മാത്രമേ ബാക്കിയുള്ളൂ. തുച്ഛമായ നിയമനം മാത്രമാണ് ഈ റാങ്ക് ലിസ്റ്റിൽ നിന്നും നടത്തിയിട്ടുള്ളത്. സമരം തുടങ്ങി ഏഴു ദിവസം പിന്നിട്ടിട്ടും ഇതുവരെയും സർക്കാർ ചർച്ചയ്ക്ക് വിളിച്ചിട്ടില്ല.

കഴിഞ്ഞദിവസം ശയനപ്രദക്ഷിണം, കല്ലുപ്പിനു മുകളിൽ മുട്ടുകുത്തിയുള്ള സമരം നടത്തിയിരുന്നു. കയ്യും കാലും പരസ്പരം ചേർത്ത് കൂട്ടിക്കെട്ടിയായിരുന്നു ഇന്നലത്തെ സമരം. വിലങ്ങിന് പകരം പ്രതീകാത്മകമായാണ് ഇങ്ങനെ ചെയ്തത്. പൊലീസ് തൊപ്പിക്ക് പകരം പ്ലാവില തൊപ്പി തലയിലേന്തി. നിരാഹാര സമരം ആറ് ദിവസം പിന്നിട്ടു. സർക്കാർ ചർച്ചയ്ക്ക് വിളിക്കുകയോ, പ്രതിപക്ഷ സംഘടനകൾ പോലും പിന്തുണ നൽകുകയോ ചെയ്തിട്ടില്ലെന്നും റാങ്ക് ഹോൾഡേഴ്സ് പറയുന്നു.

ഈ മാസം 19നാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നത്. 964 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽ 235 നിയമനം മാത്രമാണ് നടത്തിയത്. നിയമന കാലാവധി നീട്ടുക, നിയമനം വേഗത്തിലാക്കുക എന്നിവയാണ് സമരത്തിൻ്റെ ആവശ്യം. സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലായി 570ലധികം വനിതാ സിവിൽ പൊലീസ് ഓഫീസർമാരുടെ ഒഴിവുണ്ട്.