ചാമ്പ്യന്‍സ് ലീഗില്‍ തീപാറും ക്വാര്‍ട്ടര്‍ ഫൈനല്‍; ആര്‍സനല്‍ റയലിനെയും ബയേണ്‍ ഇന്റര്‍മിലാനെയും നേരിടും, മത്സരം രാത്രി 12.30ന്
യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് തുടക്കമാകുന്നു. ഇന്ന് രാത്രി പന്ത്രണ്ടര മുതല്‍ ആദ്യപാദമത്സരങ്ങള്‍ക്ക് തുടക്കമാകും. ജര്‍മ്മന്‍ നഗരമായ.
മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍ ഇന്റര്‍ മിലാന്‍ ബയേണ്‍ മ്യൂണിക്കിനെ നേരിടുമ്പോള്‍ ആര്‍സനലിന്റെ തട്ടകമായ യുകെയിലെ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ റയല്‍ മാഡ്രിഡ് ആണ് അവരുടെ എതിരാളികള്‍.
ബയേണ്‍ മ്യൂണിക്കും ഇന്‍ര്‍മിലാനും തമ്മിലുള്ള മത്സരം ആവേശം നിറക്കും. ഈ സീസണില്‍ പത്ത് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളുകള്‍ മാത്രമാണ് ഇന്റര്‍ മിലാന്‍ വഴങ്ങിയിട്ടുള്ളത്. അതിനാല്‍ തന്നെ മിലാന്റെ അതിശക്തമായ പ്രതിരോധം മറികടക്കുകയെന്നത് ബയേണ്‍ മ്യൂണിക്കിന്റെ മുന്നേറ്റക്കാര്‍ക്ക് ബാലികേറാമലയായിരിക്കും. 2010/11 സീസണില്‍ ഷാല്‍കെയുമായി ഇന്റര്‍ മിലാന്‍ ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടിരുന്നു. രണ്ട് പാദങ്ങളിലുമായി ഷാല്‍ക്കെയുമായി 7-3 നായിരുന്നു ഇന്റര്‍ മിലാന്‍ പുറത്തായത്. അതിന് ശേഷം മറ്റൊരു ജര്‍മ്മന്‍ ടീമുമായി ഈ സീസണിലാണ് മിലാന്‍ ഏറ്റുമുട്ടുന്നത്.
ബയേണിന്റെ ഇരുപതുകാരനായ സ്‌ട്രൈക്കര്‍ ജമാല്‍ മുസിയാല ഇന്ററിനെതിരായ ആദ്യ പാദ മത്സരത്തില്‍ ഹാംസ്ട്രിംഗിനേറ്റ പരിക്ക് കാരണം കളിക്കാന്‍ സാധ്യതയില്ലെന്ന് വിന്‍സെന്റ് കൊമ്പാനിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് ബുണ്ടസ് ലിഗയില്‍ ഓസ്ബര്‍ഗിനെതിരായ മത്സരത്തിനിടെയായിരുന്നു മുസിയാലക്ക് പരിക്കേറ്റത്. ഗോള്‍ കീപ്പര്‍ മാനുവല്‍ ന്യൂയര്‍, അല്‍ഫോന്‍സോ ഡേവീസ്, ഡയോട്ട് ഉപമെകാനോ തുടങ്ങിയ പ്രധാന താരങ്ങള്‍ക്കും പരിക്കേറ്റത് വലിയ ആശങ്കയാണ് ബയേണ്‍ മ്യൂണിക് പാളയത്തിലുണ്ടാക്കുന്നത്.