മുനമ്പം ഭൂമി കേസ്: വഖഫ് ട്രിബ്യൂണലില്‍ വാദം തുടങ്ങി
മുനമ്പം ഭൂമി കേസില്‍ വഖഫ് ട്രിബ്യൂണലില്‍ വാദം തുടങ്ങി. മുനമ്പത്തേത് വഖഫ് ഭൂമി ആണെന്ന വാദത്തില്‍ ഉറച്ച് വഖഫ് ബോര്‍ഡ്. ക്രയവിക്രയ സ്വാതന്ത്ര്യവും തിരിച്ചെടുക്കാമെന്നുള്ള നിമ്പന്ധയും ഉള്ളതിനാല്‍ ഭൂമി വഖഫ് അല്ലെന്ന് ഫാറൂഖ് കോളജ് മാനേജ്മന്റ് അസോസിയേഷന്‍ വാദിച്ചു. ഫാറൂഖ് കോളജ് മതസ്ഥാപനമോ ജീവകാരുണ്യ സ്ഥാപനമോ അല്ലാത്തിനാല്‍ കോളജിന് നല്‍കിയത് വഖഫായി കാണാന്‍ കഴിയില്ലെന്ന് മുനമ്പം നിവാസികള്‍ വാദിച്ചു.
വഖഫ് ബോര്‍ഡ്, ഫാറൂഖ് കോളജ്, മുനമ്പം നിവാസികള്‍ എന്നിവരുടെ വാദമാണ് നടന്നത്. ആധാരത്തില്‍ അഞ്ചിടങ്ങളില്‍ വഖഫ് ഭൂമിയാണെന്ന് തെളിയിക്കുന്ന പരാമര്‍ശമുണ്ടെന്നാണ് വഖഫ് ബോര്‍ഡിന്റെ വാദം. ക്രയവിക്രയത്തിനുള്ള സ്വാതന്ത്ര്യം ഈയൊരു ആധാരത്തിലുണ്ടെന്നും തിരിച്ചെടുക്കാമെന്ന വ്യവസ്ഥയും ഉണ്ടെന്നാണ് ഫാറൂഖ് കോളജിന്റെ വാദം. അതുകൊണ്ടുതന്നെ വഖഫ് ഭൂമിയായി കണക്കാക്കാന്‍ സാധിക്കില്ല എന്നതാണ് വാദം. ഫാറൂഖ് കോളജ്, മതസ്ഥാപനമോ ജീവകാരുണ്യ സ്ഥാപനമോ അല്ല. അതുകൊണ്ടുതന്നെ കോളജിനു നല്‍കിയ ഭൂമി വഖഫ് ആയി കണക്കാക്കാന്‍ സാധിക്കില്ലെന്നാണ് മുനമ്പം നിവാസികളുടെ വാദം. നാളെ ഇതുമായി ബന്ധപ്പെട്ട തുടര്‍വാദമുണ്ട്.
കേസില്‍ കക്ഷി ചേരാനുള്ള മുനമ്പം നിവാസികളുടെ അപേക്ഷ ഇന്നലെ ട്രിബ്യൂണല്‍ അംഗീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വാദം ആരംഭിച്ചത്. നിലവില്‍ 10 പേരാണ് ഹരജയില്‍ കക്ഷി ചേര്‍ന്നിട്ടുള്ളത്. കക്ഷിച്ചേരണമെന്ന് വഖഫ് സംരക്ഷണ സമിതിയുടെയും വകുപ്പ് സംരക്ഷണ വേദിയുടെയും അപേക്ഷ ട്രിബ്യൂണല്‍ തള്ളിയിരുന്നു.