വെള്ളാപ്പള്ളി നടേശന്റെ വിവാദപ്രസംഗം; കേസെടുക്കാൻ ആകില്ലെന്ന് പൊലീസിന് നിയമോപദേശം
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിവാദപ്രസംഗത്തിൽ കേസെടുക്കാൻ ആകില്ലെന്ന് പൊലീസിന് നിയമോപദേശം. മലപ്പുറം ചുങ്കത്തറയിൽ നടത്തിയ വിവാദ പ്രസംഗത്തിലാണ് പൊലീസ് നിയമോപദേശം തേടിയത്. വെള്ളാപ്പള്ളി നടേശൻ വർഗീയ പരാമർശം നടത്തിയെന്നതിൽ പ്രസംഗത്തിൽ വ്യക്തതയില്ല.
വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതികൾ ലഭിച്ചിരുന്നു. പാർമർശത്തിൽ പ്രതിഷേധം ശക്തമായതോടെ നിലപാട് തിരുത്തി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയിരുന്നു. മലപ്പുറം മുസ്ലീങ്ങളുടെ രാജ്യം എന്ന് പറയാൻ കഴിയില്ല. തന്റെ പ്രസംഗം അടർത്തിയെടുത്തത് താൻ മുസ്ലിം വർഗീയവാദിയാണെന്ന് സമർത്ഥിക്കുവാൻ മാധ്യമങ്ങൾ ശ്രമിച്ചുവെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. താൻ പ്രതിനിധീകരിക്കുന്ന സമുദായത്തിന്റെ ദുഃഖമാണ് പറഞ്ഞതെന്നും വെള്ളാപ്പള്ളി നടേശൻ വിശദീകരിച്ചു.
മലപ്പുറം ജില്ലാ പ്രത്യേക രാജ്യവും സംസ്ഥാനവുമാണെന്നും മലപ്പുറത്ത് പ്രത്യേകതരം ആളുകളുടെ ഇടയിൽ ജീവിക്കുന്നത് കൊണ്ട് പിന്നാക്കകാർക്ക് സ്വതന്ത്രമായി അഭിപ്രായം പറയാനോ ശ്വസിക്കാനോ പോലും കഴിയുന്നില്ലെന്നാണ് വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസംഗത്തിന്റെ ഉള്ളടക്കം. വെള്ളാപ്പള്ളിയുടെ പരാമർശത്തിനെതിരെ വിവിധ കോണുകളിൽ നിന്നും വലിയ പ്രതിഷേധം ആണ് ഉയർന്നത്. വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമശം ചർച്ചയാക്കി വിവാദം കൊഴുപ്പിക്കേണ്ടെന്ന നിലപാടിലാണ് ആണ് സിപിഎമ്മും മുസ്ലീം ലീഗും.