KeralaTop News

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് ; കെ രാധാകൃഷ്ണൻ MP യുടെ ചോദ്യം ചെയ്യൽ പൂർത്തിയായി

Spread the love

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ കെ രാധാകൃഷ്ണൻ എം പിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഏഴര മണിക്കുറാണ് കെ രാധാകൃഷ്ണനെ ഇ ഡി ചോദ്യം ചെയ്തത്. രാധാകൃഷ്ണൻ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് നടന്ന ഇടപാടുകളിൽ വ്യക്തത വരുത്തുകയായിരുന്നു ചോദ്യം ചെയ്യലിന്റെ ലക്ഷ്യം.

കരുവന്നൂർ ബാങ്കിൽ തൃശൂർ ജില്ലാ കമ്മിറ്റിക്ക് അക്കൗണ്ട് ഇല്ലെന്ന് ചോദ്യം ചെയ്യലിന് ശേഷം രാധാകൃഷ്ണൻ പ്രതികരിച്ചു. അറിയാവുന്ന വിവരങ്ങൾ പറഞ്ഞു. തന്റെ സ്വത്ത് വിവരങ്ങൾ നേരത്തെ നൽകിയിരുന്നുവെന്നും താൻ പ്രതിയാണ് എന്ന മട്ടിലാണ് മറ്റുള്ളവർ ഈ വിഷയത്തിൽ പ്രചാരണം നടത്തുന്നതെന്നും എം പി കുറ്റപ്പെടുത്തി.

ചോദ്യം ചെയ്യലിന് ഹാജരാക്കാൻ മൂന്നാം വട്ടവും നോട്ടീസ് നൽകിയതിന് പിന്നാലെയാണ് കെ രാധാകൃഷ്ണൻ ഇ ഡിക്ക് മുന്നിൽ ഹാജരായത്. കൊച്ചി ഇ ഡി ഓഫീസിൽ അഭിഭാഷകന് ഒപ്പമാണ് എത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി ഇ ഡി ആവശ്യപ്പെട്ട രേഖകൾ രാധാകൃഷ്ണൻ നേരത്തെ നൽകിയിരുന്നു. മുൻപ് രണ്ട് തവണ നോട്ടീസ് നൽകിയിരുന്നെങ്കിലും രാധാകൃഷ്ണൻ ഹാജരായിരുന്നില്ല.