SportsTop News

ത്രില്ലർ പോരിൽ ബെംഗളൂരുവിന് ജയം; മുംബൈ ഇന്ത്യൻസിനെ 12 റൺസിന് തോൽപ്പിച്ചു

Spread the love

ഐപിഎല്ലിലെ ത്രില്ലർ പോരിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ജയം. മുംബൈ ഇന്ത്യൻസിനെ 12 റൺസിന് തോൽപ്പിച്ചു. 222 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈക്ക് 209 റൺസെടുക്കാനെ സാധിച്ചുള്ളൂ. ചെപ്പോക്കിന് പിന്നാലെ വാങ്കെഡെയിലും വമ്പുകാട്ടി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. ചെന്നൈക്കെതിരെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ജയം പതിനേഴ് വർഷത്തിന് ശേഷമെങ്കിൽ
മുംബൈക്കെതിരെ വാങ്കഡെയിൽ ജേതാക്കളായത് 10 വർഷത്തെ ഇടവേളക്കൊടുവിലാണ്.

222 റൺസെന്ന റൺമല കീഴടക്കാനെത്തിയ മുംബൈയെ മോഹിപ്പിച്ച് രോഹിത് ശർമ്മ തുടക്കിലെ മടങ്ങി. റിക്കിൾട്ടണും വിൽ ജാക്സിനും സൂര്യ കുമാർ യാദവിനും നിലയുറപ്പിക്കാനായില്ല. എന്നാൽ 56 റൺസെടുത്ത തിലക് വർമയും 42 റൺസെടുത്ത ക്യാപ്റ്റൻ ഹാർദിക് പണ്ഡ്യയും തകർത്തടിച്ചതോടെ റെക്കോർഡ് ചേസ് മുംബൈ മോഹിച്ചു.

എന്നാൽ കൃത്യമായ ഇടവേളയിൽ ആർസിബിയുടെ പ്രവഹരം. ഒടുവിൽ അവസാന ഓവറിൽ ക്രുണാ പണ്ഡ്യ മൂന്ന് വിക്കറ്റെടുക്കുക കൂടി ചെയ്തപ്പോൾ മുംബൈ ഇന്നിങ്സ് 9ന് 209ൽ അവസാനിച്ചു. ഫിൽ സാൾട്ടിനെ രണ്ടാം പന്തിൽ തന്നെ നഷ്ടമായെങ്കിലും വിരാട് കോലിയും ദേവദത്ത് പഠിക്കലും തകർത്തടിച്ചതോടെ പവർപ്ലേയിൽ തന്നെ ആർസിബി കളി പിടിച്ചു.

കോലി 67 റൺസോടെ ടോപ് സ്കോററായപ്പോൾ 64 റൺസുമായി ക്യാപ്റ്റൻ രജത് പാട്ടിധാറും മിന്നിച്ചു. അവസാന ഓവറിൽ 40 റൺസോടെേ ജിതേഷ് ശർമ്മയുടെ ആളിക്കത്തൽ കൂടിയായപ്പോൾ ആർസിബി 221 റൺസിലെത്തി. നാല് മത്സരങ്ങളിൽ മൂന്നും ജയിച്ച ആർസിബി ആറുപോയിന്റുമായി മൂന്നാം സ്ഥാനത്താണ്. നാലാം തോൽവി നേരിട്ട മുംബൈ എട്ടാം സ്ഥാനത്ത് തന്നെ.