കണ്ണൂർ സർവകലാശാലയ്ക്ക് എതിരെ കേസ് നടത്താൻ സർവകലാശാലയുടെ പണം; ഓഡിറ്റ് റിപ്പോർട്ടിനെ തുടർന്ന് തിരിച്ചടച്ച് മുൻ വി സി
കണ്ണൂർ സർവകലാശാലയ്ക്ക് എതിരെ കേസ് നടത്താൻ മുൻ വി സി ഡോ ഗോപിനാഥ് രവീന്ദ്രൻ സർവകലാശാലയുടെ പണം ഉപയോഗിച്ചെന്ന് ഓഡിറ്റ് റിപ്പോർട്ട്. തുടർന്ന് പണം തിരിച്ചടച്ച് മുൻ വി സി ഡോ ഗോപിനാഥ് രവീന്ദ്രൻ. കേസിനായി സർവകലാശാല ഫണ്ടിൽ നിന്ന് അനുവദിച്ച നാല് ലക്ഷം രൂപയാണ് തിരിച്ചടച്ചത്. വിസി നിയമനം റദ്ദാക്കിയതിന് എതിരെ സർവകലാശാലയെ എതിർ കക്ഷിയാക്കി ഗോപിനാഥ് രവീന്ദ്രൻ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്‌തിരുന്നു
2022-23 ഓഡിറ്റ് റിപ്പോർട്ടിൽ തുക അനുവദിച്ചത് ക്രമ പ്രകാരമല്ലെന്ന് കണ്ടെത്തി. സിൻഡിക്കേറ്റിന്റെ അസാധാരണ നടപടി അന്ന് വിവാദമായിരുന്നു. വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട കേസിൽ 2022 ഒക്ടോബർ 21-ന് സുപ്രീംകോടതി വിധി വന്നതിന് പിറകെയായിരുന്നു സംഭവങ്ങളുടെ തുടക്കം.
വിസി നിയമനത്തിന് പാനൽ നൽകുന്നതിന് പകരം ഒരാളുടെ പേര് മാത്രം ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിലുള്ള നിയമനമാണ് സുപ്രീംകോടതി റദ്ദാക്കിയത്. തുടർന്ന് ഗോപിനാഥ് രവീന്ദ്രന്റെ നിയമനം ഗവർണം റദ്ദാക്കുകയായിരുന്നു. ഇതിനെതിരെയാണ് ചാൻസലറെ ഒന്നാം എതിർകക്ഷിയും സംസ്ഥാന സർക്കാരിനെ രണ്ടാം എതിർകക്ഷിയും കണ്ണൂർ സർവകലാശാലയെ മൂന്നാം എതിർകക്ഷിയുമാക്കി ഗോപിനാഥ് രവീന്ദ്രൻ കോടതിയിൽ കേസ് ഫയൽ ചെയ്തത്.