ഹൈബ്രിഡ് കഞ്ചാവ് കേസ്; തസ്ലീമ സുൽത്താന ഇടപാട് നടത്തിയത് നടൻ ശ്രീനാഥ് ഭാസിയുമായി, ചോദ്യം ചെയ്യും
നടന്റെ പെൺസുഹൃത്തിനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. പെൺസുഹൃത്ത് മാസങ്ങൾക്ക് മുൻപ് വിദേശയാത്ര നടത്തിയിരുന്നു. ഇവർ വഴിയാണോ ഹൈബ്രിഡ് കഞ്ചാവ് രാജ്യത്ത് എത്തിയത് എന്നും സംശയം. മലയാള സിനിമയിൽ ശ്രീനാഥ് ഭാസിക്ക് പുറമേ രണ്ട് നടന്മാരുമായി ഇടപാടുകൾ ഉണ്ടായിരുന്നു എന്നാണ് മൊഴി. ഇതിൽ ശ്രീനാഥ് ഭാസിയുമായുള്ള ചാറ്റുകൾ മാത്രമാണ് കണ്ടെത്തിയത്. കൂടുതൽ ചാറ്റുകൾ കണ്ടെത്താനായി ശാസ്ത്രീയ പരിശോധനയിൽ തുടരുകയാണ്.
ബെംഗളൂരുവിൽ നിന്നെത്തിയ തസ്ലീമ എറണാകുളത്ത് തങ്ങിയത് മൂന്നു ദിവസമാണ്. ഈ ദിവസങ്ങളിൽ ഹൈബ്രിഡ് കഞ്ചാവ് വില്പനയും പെൺവാണിഭവും നടത്തി. കൂടാതെ മൂന്നു ദിവസത്തിനിടയിൽ 7 ലക്ഷത്തോളം രൂപ തസ്ലീമയുടെ അക്കൗണ്ടിലേക്ക് എത്തിയത്. കേസിൽ ശ്രീനാഥ് ഭാസി മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും പിന്നീട് പിൻവലിച്ചിരുന്നു. കേസിൽ എക്സൈസ് നിലവിൽ പ്രതി ചേർക്കാത്ത സാഹചര്യത്തിലാണ് നടപടി. ഹർജി ഈ മാസം 22 ന് പരിഗണിക്കാൻ ഹൈക്കോടതി നേരത്തെ മാറ്റിയിരുന്നു.
നേരത്തെ ശ്രീനാഥ് ഭാസി നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി എക്സൈസിന്റെ റിപ്പോർട്ട് തേടിയിരുന്നു. ഹർജി ഫയലിൽ സ്വീകരിച്ചായിരുന്നു ഹൈക്കോടതിയുടെ നടപടി. എന്നാൽ എക്സൈസ് നടപടികൾ കടുപ്പിക്കവേയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചത്.
ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ് തസ്ലിമ സുൽത്താനയെ 2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി ആലപ്പുഴയിൽ നിന്ന് അറസ്റ്റ് ചെയ്തത്. എക്‌സെസും ലഹരി വിരുദ്ധ പ്രത്യക സ്‌ക്വാഡും ചേർന്നായിരുന്നു അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ നടന്മാരായ ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവർക്കെതിരെ തസ്ലിമ മൊഴി നൽകുകയായിരുന്നു.