NationalTop News

ദുബായ് കിരീടാവകാശി ഷെയ്ക് ഹംദാൻ ഇന്ത്യയിലെത്തി; കേന്ദ്രമന്ത്രി സുരേഷ് ഗോപി സ്വീകരിച്ചു

Spread the love

ദുബായ് കിരീടാവകാശി ഷെയ്ക് ഹംദാൻ ഇന്ത്യയിലെത്തി. ഡൽഹി വിമാനത്താവളത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി സ്വീകരിച്ചു. പ്രധാനമന്ത്രി പ്രത്യേക വിരുന്നൊരുക്കും. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് ശൈഖ് ഹംദാൻ ഇന്ത്യയിലെത്തിയത്. യു.എ.ഇ പ്രതിരോധമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് ഇന്ത്യയിലെത്തുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ചാണ് ശൈഖ് ഹംദാൻ ഡൽഹിയിലെത്തുന്നത്. സന്ദർശനത്തിന്റെ ആദ്യദിനം കിരീടാവകാശിക്ക് പ്രധാനമന്ത്രി പ്രത്യേക വിരുന്നൊരുക്കും. വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് എന്നിവരുമായി കിരീടാവകാശി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും.

രണ്ടാം ദിവസം ശൈഖ് ഹംദാൻ മുംബൈ സന്ദർശിക്കും. ഇന്ത്യയിലെയും, യു.എ.ഇയിലെയും ബിസിനസ് പ്രമുഖരുമായി അദ്ദേഹം മുംബൈയിൽ കൂടിക്കാഴ്ച നടത്തും. വിവിധതലങ്ങളിൽ ഇന്ത്യയും യു.എ.ഇയും തമ്മിലെ ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ദുബൈ കിരീടാവാശി ഇന്ത്യയിലെത്തുന്നത്. തന്ത്രപ്രധാനമേഖലകളിൽ ഇരുരാജ്യങ്ങളുടെ സഹകരണം ശക്തമാക്കുന്ന കരാറുകളിലേക്ക് സന്ദർശനം വഴി തുറന്നേക്കുമെന്നാണ് പ്രതീക്ഷ.