‘വെള്ളാപ്പള്ളി എന്തേലും വിഡ്ഢിത്തം പറഞ്ഞതിന് എല്ലാ ദിവസവും ഞങ്ങൾ മറുപടി പറയണോ’; ക്ഷുഭിതനായി പി കെ ബഷീർ
വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശത്തിൽ മറുപടിയുമായി പികെ ബഷീർ എംഎൽഎ. വെള്ളാപ്പള്ളി എന്തെങ്കിലും പിരാന്ത് പറഞ്ഞാൽ അതിന് എന്നും മറുപടി പറയേണ്ടതുണ്ടോ. പറയേണ്ടത് എല്ലാം പാർട്ടി ജനറൽ സെക്രട്ടറി നല്ല രീതിയിൽ മറുപടി പറഞ്ഞിട്ടുണ്ട്. മലപ്പുറത്ത് ഒരു ശ്വാസം മുട്ടലിന്റെ അവസ്ഥയില്ല. വെള്ളാപ്പള്ളി പറഞ്ഞതിന് മറുപടി നൽകിയിട്ടുണ്ട്.
ഇതിന് നല്ല മറുപടി മാധ്യമങ്ങൾ തന്നെ നൽകിയെന്നും പി എം എ സലാം വ്യക്തമാക്കി. വെള്ളാപ്പള്ളി പരാമർശത്തിൽ ചർച്ച ഞങ്ങൾ തുടരുന്നില്ല. അതിന് മറുപടി പറഞ്ഞതാണ്. മുസ്ലിം ലീഗിന്‍റെ വയനാട് പുനരധിവാസ പദ്ധതിയുടെ ഭവന സമുച്ചയ ശിലാസ്ഥാപനം ബുധനാഴ്ച വൈകിട്ട് മൂന്ന് മണിക്ക് സാദിഖലി തങ്ങൾ നിർവഹിക്കുമെന്ന് പി എം എ സലാം അറിയിച്ചു.
ആയിരം സ്ക്വയർഫീറ്റ് വീടുകളാണ് നിർമ്മിക്കുന്നത്. മേപ്പാടി വെള്ളിത്തോട് പത്തര ഏക്കർ ഭൂമിയിൽ 105 വീടുകൾ ആണ് നിർമ്മിക്കുന്നത്. വീട് നിർമിക്കാൻ സ്ഥലം കിട്ടുന്നതിൽ പ്രയാസം നേരിട്ടു. സർക്കാർ സ്ഥലം നൽകാം എന്ന് പറഞ്ഞെങ്കിലും കിട്ടിയില്ല. ഒടുവിൽ വില കൊടുത്തു ഭൂമി വാങ്ങിയാണ് വീട് നിർമ്മിക്കുന്നത്.
സർക്കാർ ലിസ്റ്റിൽ നിന്ന് അപേക്ഷ ക്ഷണിച്ചാണ് അർഹരെ കണ്ടെത്തിയത്. എട്ട് മാസം കൊണ്ട് പണി പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. എട്ട് സെന്‍റ് ഭൂമിയാണ് ആളുകളുടെ പേരിൽ രജിസ്റ്റർ ചെയ്തു കൊടുക്കുന്നത്. കമ്മ്യൂണിറ്റി സെന്‍ററും പാർക്കും ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.