KeralaTop News

മുസ്‌ലിം ലീഗ് വയനാട് പുനരധിവാസ പദ്ധതി; 105 വീടുകളുടെ നിർമാണം മറ്റന്നാൾ ആരംഭിക്കും

Spread the love

വയനാട് പുനരധിവാസം,മുസ്ലിം ലീഗിൻ്റെ ഭവന സമുച്ചയ ശിലാസ്ഥാപന ഉദ്ഘാടനം മറ്റന്നാൾ. ഈ മാസം 9 ന് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ ഉദ്ഘാടനം ചെയ്യും. ലീഗ് നിർമിച്ചു നൽകുന്നത് 105 വീടുകളുടെ സമുച്ചയമെന്ന് പി എം എ സലാം പറഞ്ഞു.

സർക്കാർ ഏറ്റെടുത്ത സ്ഥലം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. സർക്കാർ ലിസ്റ്റില് നിന്നാണ് അർഹതപ്പെട്ട ആളുകളെ തെരഞ്ഞെടുത്തത്. 8 മാസത്തിനുള്ളിൽ വീട് പൂർത്തിയാക്കാൻ കഴിയും എന്നാണ് കരുതുന്നതെന്ന് പി എം എ സലാം പ്രതികരിച്ചു.

ഏപ്രിൽ ഒമ്പതിന് ബുധനാഴ്ച വൈകീട്ട് മൂന്നിന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ശിലാസ്ഥാപനം നിർവഹിക്കും. മേപ്പാടിയിൽ കണ്ടെത്തിയ നിർദിഷ്ട 10.5 ഏക്കർ ഭൂമിയിലാണ് വീടുകൾക്ക് തറക്കല്ലിടുന്നത്.
105 കുടുംബങ്ങൾക്ക് എട്ട് സെന്റിൽ 1000 സ്‌ക്വയർ ഫീറ്റ് വീടുകളാണ് മുസ്‌ലിം ലീഗ് നിർമിച്ചു നൽകുന്നത്. ഇരുനിലകൾ നിർമിക്കാൻ ആവശ്യമായ ബലത്തോട് കൂടിയായിരിക്കും വീടുകളുടെ അടിത്തറ. പ്രധാന റോഡിനോടു ചേർന്നാണ് ഭവന സമുച്ചയം ഒരുങ്ങുക. വീടുകളിലേക്കുള്ള റോഡ്, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും.

ഭവന നിർമാണ പദ്ധതിക്ക് കൽപ്പറ്റയിൽ ചേർന്ന ഉപസമിതി യോഗം കഴിഞ്ഞദിവസം അന്തിമരൂപം നൽകിയിരുന്നു. ഉപസമിതിയുടെ മേൽനോട്ടത്തിൽ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാനുള്ള ഓഫീസ് സംവിധാനങ്ങളും സജ്ജീകരിച്ചതായി സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം അറിയിച്ചു.