സുകാന്തിന് ഐ ബി ഉദ്യോഗസ്ഥ പലപ്പോഴായി കൈമാറിയത് 3 ലക്ഷം രൂപ; പ്രതിക്കായി ലുക്ക്‌ഔട്ട് നോട്ടീസ് ഇറക്കി
തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ പ്രതി സുകാന്തിനെ പിടികൂടിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കൂവെന്ന് തിരുവനന്തപുരം ഡിസിപി നകുൽ രാജേന്ദ്ര ദേശ്മുഖ്.
മൂന്ന് ലക്ഷം രൂപയോളം സുകാന്തിന് കൈമാറിയിട്ടുണ്ട്. പെൺകുട്ടിയുടെ കുടുംബം ആരോപിച്ച മാനസിക ശാരീരിക പീഡിനത്തിന്റെ ചില തെളിവുകളും ലഭിച്ചു. ആ വിവരങ്ങളും പരിശോധിക്കുകയാണ്, വിഷയത്തിൽ രണ്ട് ടീമായി അന്വേഷണം നടക്കുകയാണെന്നും ഡിസിപി പറഞ്ഞു.
അപകടത്തിൽ പെൺകുട്ടിയുടെ ഫോൺ തകർന്ന നിലയിലാണ് കണ്ടെത്തിയിട്ടുള്ളത്. അതുകൊണ്ട് അതിൽ നിന്നുള്ള വിവരങ്ങൾ എടുക്കാൻ സാധിച്ചിട്ടില്ല. ആത്മഹത്യ ദിവസം പലതവണ ഉദ്യോഗസ്ഥയെ പ്രതി സുകാന്ത് ഫോണിൽ വിളിച്ചിരുന്നു. ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. സുകാന്ത് താമസിക്കുന്ന സ്ഥലത്ത് നിന്ന് ഇയാളുടെ മൊബൈലും ഐപാടും ലഭിച്ചിട്ടുണ്ട്, ഇവ കൂടി പരിശോധനയ്ക്ക് വിധേയമാക്കണം.
സുകാന്തും മാതാപിതാക്കളും ഇപ്പോഴും ഒളിവിൽ തന്നെയാണുള്ളത്. ഇവർ രാജ്യം വിട്ട് പോകാതിരിക്കാൻ ലുക്ക്‌ഔട്ട് സർക്കുലർ ഇറക്കിയിട്ടുണ്ട്. കേരളത്തിന് പുറത്തും ഇവർക്കായി അന്വേഷണം നടത്തുകയാണ് ഡിസിപി വ്യക്തമാക്കി.
പ്രതിക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടോയെന്ന് കൂടുതൽ അന്വേഷണത്തിലേ വ്യക്തമാവുകയുള്ളുവെന്നും, കേസന്വേഷണത്തിൽ വീഴ്ച വന്നിട്ടില്ലെന്നും ഡിസിപി പറഞ്ഞു.