KeralaTop News

പ്രതീക്ഷ നൽകുന്ന കൂടിക്കാഴ്ച’; മന്ത്രി വി ശിവൻകുട്ടിയുമായുള്ള ആശമാരുടെ ചർച്ച അവസാനിച്ചു

Spread the love

തൊഴിൽ മന്ത്രി വി ശിവൻ കുട്ടിയുമായുള്ള കൂടിക്കാഴ്ച പ്രതീക്ഷ നൽകുന്നതെന്ന് ആശാ വർക്കേർസ്. മന്ത്രിയുടെ ചേമ്പറിൽ വെച്ചായിയുരുന്നു കൂടിക്കാഴ്ച. സമരം 57-ാം ദിനത്തിലേക്ക് കടന്ന സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച. ആരോഗ്യമന്ത്രിയുമായി കഴിഞ്ഞ മൂന്ന് തവണയും നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.

സമരം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നാണ് തന്റെയും ആഗ്രഹമെന്നു മന്ത്രി വി ശിവൻകുട്ടി ആശമാരെ അറിയിച്ചു.മുൻ ചർച്ചകളുടെ മിനിറ്റ്സുമായിട്ടാണ് മന്ത്രി കൂടിക്കാഴ്ചയ്ക്കായി വന്നത്. ആശമാരുടെ വിഷയം ധനമന്ത്രിയുമായും ആരോഗ്യമന്ത്രിയുമായും ചർച്ച നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി ആശമാർക്ക് ഉറപ്പ് നൽകി.

ഓണറേറിയം വർധന പ്രഖ്യാപിക്കണം എന്നതാണ് ആവശ്യം. മന്ത്രി പ്രശ്നങ്ങൾ പഠിക്കാം എന്ന് അറിയിച്ചിട്ടുണ്ട്. തൊഴിൽ വകുപ്പ് മന്ത്രി തങ്ങളുടെ വികാരം മനസിലാക്കിയിട്ടുണ്ട്. 3000 രൂപയെങ്കിലും ഇപ്പോൾ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും കൂടിക്കാഴ്ചയിൽ പ്രതീക്ഷയുണ്ടെന്നും നല്ല ചർച്ചയിലൂടെയാണ് കടന്ന് പോയതെന്നും സമരം തുടരുമെന്നും ആശാ വർക്കേഴ്സ് ജനറൽ സെക്രട്ടറി എം.എ ബിന്ദു പ്രതികരിച്ചു.

അതേസമയം, ആശമാരുടെ സമരം 57-ാം ദിവസത്തിലേക്കും അനിശ്ചിതകാല നിരാഹാരസമരം 19 -ാം ദിവസത്തിലേക്കും കടന്നിരിക്കുകയാണ്. ഫോണിലൂടെ വിളിച്ചാണ് സമര നേതാക്കൾ മന്ത്രിയുമായുള്ള ചർച്ചയ്ക്ക് സമയമെടുത്തത്. ഫോണിൽ പോലും തന്നെ സമരക്കാർ ബന്ധപ്പെട്ടിട്ടില്ലെന്ന് ഇന്നലെ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു സമരക്കാരുടെ നീക്കം.