ശ്രീനാഥ് ഭാസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എക്‌സൈസിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസിയുടെ മുൻകൂർ ജാമ്യ ഹർജിയിൽ എക്സൈസിനോട് റിപ്പോര്‍ട്ട് തേടി ഹൈക്കോടതി. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ എക്‌സൈസിന് സിംഗിള്‍ ബെഞ്ചിന്റെ നിർദേശം. ശ്രീനാഥ് ഭാസി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജിയുമായി എത്തിയത് അറസ്റ്റ് ഉണ്ടാകുമെന്ന സൂചനയെ തുടർന്നായിരുന്നു.
പ്രതി തസ്ലിമ സുല്‍ത്താനയില്‍ നിന്ന് താൻ കഞ്ചാവ് വാങ്ങിയിട്ടില്ല. അറസ്റ്റ് ചെയ്താല്‍ സിനിമയുടെ ഷൂട്ടിംഗ് മുടങ്ങും. ഏത് ജാമ്യവ്യവസ്ഥയും അംഗീകരിക്കാന്‍ തയ്യാറാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും ശ്രീനാഥ് ഭാസി ആവശ്യപ്പെടുന്നു.
എന്നാൽ ആലപ്പുഴ ലഹരി കേസിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് നടൻ ശ്രീനാഥ് ഭാസി ട്വന്റി ഫോറിനോട് പറഞ്ഞിരുന്നു. ആരൊക്കെയോ ഓരോന്ന് കെട്ടിച്ചമയ്ക്കുന്നു. ഇത് കെട്ടിച്ചമച്ച മൊഴിയാണ്. ഇല്ലാത്ത കാര്യങ്ങളോട് കൂടുതൽ പ്രതികരിക്കാനില്ലെന്നും ശ്രീനാഥ് ഭാസി വ്യക്തമാക്കിയിരുന്നു.
നടന്മാരായ ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും എതിരെയാണ് ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലിമ സുല്‍ത്താന മൊഴി നൽകിയത്. ഇരുവര്‍ക്കും ലഹരിമരുന്ന് നല്‍കാറുണ്ടെന്ന് കണ്ണൂര്‍ സ്വദേശിയായ യുവതിയുടെ മൊഴി രണ്ടുകോടി രൂപ വിലമതിക്കുന്ന മൂന്ന് കിലോ ഹൈബ്രിഡ് കഞ്ചാവാണ് എക്‌സെസും ലഹരി വിരുദ്ധ പ്രത്യക സ്‌ക്വാഡും ചേർന്ന് ആലപ്പുഴയിൽ നിന്ന് പിടികൂടിയത്.
രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം ഓമനപ്പുഴ തീരദേശ റോഡിൽ നടത്തിയ പരിശോധനയിലാണ് ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നിന് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവും എംഡിഎംഎയും കടത്തുന്ന സംഘത്തിന്‍റെ മുഖ്യ കണ്ണിയാണ് യുവതിയും സംഘവും . കണ്ണൂർ സ്വദേശിയാണെങ്കിലും ചെന്നൈയും കൊച്ചിയുമാണ് ഇവരുടെ പ്രധാന താവളം.ഏതാനും സിനിമകളിൽ മുഖം കാണിച്ചിട്ടുള്ള ഇവർക്ക് സിനിമാ മേഖലയിലുള്ളവരുമായി അടുത്ത ബന്ധമുണ്ട്. സെക്സ് റാക്കറ്റ് കേസിൽ ഒരു തവണ പിടിയിൽ ആയിട്ടുമുണ്ട്.