തമിഴ്നാട്ടിലെ നേതാക്കൾ എനിക്ക് കത്ത് അയക്കാറുണ്ട്, പക്ഷെ ആരും തമിഴിൽ ഒപ്പിടുന്നില്ല: ഭാഷാപ്പോരിൽ നരേന്ദ്ര മോദി
ഭാഷാപ്പോരിൽ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്നാട്ടിലെ നേതാക്കൾ തനിക്ക് കത്ത് അയക്കാറുണ്ട്. പക്ഷെ ആരും തമിഴിൽ ഒപ്പിടുന്നില്ല. തമിഴ് ഭാഷയെ സ്നേഹിക്കുന്നുണ്ടെങ്കിൽ തമിഴിൽ ഒപ്പിടണമെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി. രാമേശ്വരത്ത് വച്ചാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
രാമനവമി ദിവസം രാമേശ്വരത്തെ രാമനാഥസ്വാമിക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമായിരുന്നു രാമനാഥപുരത്തെ പാമ്പൻ ദ്വീപിനെയും തീർഥാടനകേന്ദ്രമായ രാമേശ്വരത്തെയും ബന്ധിപ്പിക്കുന്ന പാമ്പൻപാലത്തിന്റെ ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചത്. രാമേശ്വരത്തുനിന്ന് താംബരത്തേക്കുള്ള പുതിയ തീവണ്ടി സർവീസും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉദ്ഘാടന ചടങ്ങിൽ എത്തിയില്ല.
തീവണ്ടി കടന്നുപോയതിനുശേഷം പ്രധാനമന്ത്രി പാലത്തിന്റെ വെർട്ടിക്കൽ ലിഫ്റ്റ് സ്പാൻ ഉയർത്തി. രാമേശ്വരത്തേക്കുള്ള പുതിയ പാമ്പൻ പാലം സാങ്കേതികവിദ്യയെയും പാരമ്പര്യത്തെയും ഒന്നിപ്പിക്കുന്നുവെന്ന് പിഎംഓ ഓഫീസ് എക്സിൽ കുറിച്ചു. ഇന്ത്യൻ റെയിൽവേയുടെ എൻജിനീയറിങ് വിഭാഗമായ റെയിൽ വികാസ് നിഗം ലിമിറ്റഡാണ് 535 കോടി രൂപ ചെലവിൽ പുതിയ പാലം പണിതത്. സമുദ്രനിരപ്പിൽനിന്ന് ആറുമീറ്റർ ഉയരമുള്ള പുതിയ പാലത്തിന് 2.08 കിലോമീറ്റർ ദൈർഘ്യമുണ്ട്.