“ഇത് ബര്‍ത്ത്‌ഡേ ഗിഫ്റ്റ്” സി പി ഐ എമ്മിനെ നയിക്കാന്‍ ഇനി എം എ ബേബി
സി പി ഐ എം ദേശീയ ജനറല്‍ സെക്രട്ടറിയായി മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ എം എ ബേബി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ അത് ബേബിക്കുള്ള ജന്മദിന സമ്മാനം കൂടിയാവുകയാണ്. 1954 ഏപ്രില്‍ അഞ്ചിനാണ് എം എ ബേബിയുടെ ജനനം.
സി പി ഐ എം 24 -ാം പാര്‍ട്ടി കോണ്‍ഗ്രസ് ആരംഭിച്ച അന്നു മുതല്‍ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നവരില്‍ ഒരാള്‍ എം എ ബേബി ആയിരുന്നു. സിപിഐഎമ്മിന്റെ ദേശീയ ജനറൽ സെക്രട്ടറിയായി എം എ ബേബി തിരിഞ്ഞെടുക്കപ്പെടുമ്പോള്‍ അത് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ലഭിക്കുന്ന അംഗീകാരം കൂടിയാണ്. പശ്ചിമബംഗാളിലും ത്രിപുരയിലും പാര്‍ട്ടി ശോഷിക്കുകയും എംഎല്‍എമാര്‍പോലും ഇല്ലാത്ത അവസ്ഥയിലേക്ക് പാര്‍ട്ടി തകരുകയും ചെയ്തപ്പോഴും പാര്‍ട്ടിക്ക് വലിയ പോറലില്ലാതെ സംരക്ഷിക്കുകയാണ് കേരളീയര്‍. രാജ്യത്ത് സിപിഐഎമ്മിന് ഭരണമുള്ള ഏക സംസ്ഥാനം കേരളം മാത്രമായി. കേരളത്തില്‍ രണ്ടാം വട്ടവും അധികാരം ലഭിച്ചതും പാര്‍ട്ടി ഇപ്പോഴും കെട്ടുറപ്പോടെ നില്‍ക്കുന്നുവെന്നതും എം എ ബേബിക്ക് ജന.സെക്രട്ടറി സ്ഥാനത്തെത്താനുള്ള വഴിയായി മാറുകയായിരുന്നു.
എസ് എഫ് ഐയിലൂടെ വളര്‍ന്ന നേതാവാണ് എം എ ബേബി. വിദ്യാർഥികളുടെ അവകാശ സമരപോരാട്ടത്തിലൂടെ വളര്‍ന്ന ബേബി പിന്നീട് കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിയായി എന്നത് മറ്റൊരു ചരിത്രം. ഇപ്പോഴിതാ രാജ്യത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലപ്പത്ത് എത്തിയിരിക്കയാണ് കൊല്ലത്ത് നിന്നുള്ള നേതാവ്. എസ്എഫ്ഐയുടെയും ഡി വൈ എഫ് ഐയുടെയും ദേശീയ സമിതികളില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവ സമ്പത്തുമായാണ് എം എ ബേബി സി പി ഐ എമ്മിന്റെ നേതൃനിരയിലെത്തുന്നത്. 2012 മുതല്‍ പൊളിറ്റ് ബ്യൂറോ അംഗമായി പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന നേതാവാണ് ബേബി.
സംഘപരിവാര്‍ രാജ്യത്ത് വന്‍ ശക്തിയായി വളര്‍ന്നുകൊണ്ടിക്കുമ്പോൾ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നയിക്കുകയെന്ന ഭാരിച്ച ചുമതലയാണ് ബേബിയില്‍ വന്നു ചേര്‍ന്നിരിക്കുന്നത്. ബി ജെ പി ബദല്‍ രാഷ്ട്രീയ കൂട്ടായ്മയായ ഇന്ത്യാ സഖ്യത്തില്‍ സി പി ഐ എം തുടരുമോ എന്നത് പ്രധാന ചോദ്യമാണ്. പശ്ചിമ ബംഗാള്‍, ത്രിപുര അടക്കമുള്ള സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ തിരികെ കൊണ്ടുവരിക, കേരളത്തില്‍ ഭരണ തുടര്‍ച്ചയുണ്ടാക്കുക തുടങ്ങിയവയാണ് പുതിയ ജനറൽ സെക്രട്ടറിയ്ക്ക് മുന്നിലുള്ള വെല്ലുവിളികള്‍.
യെച്ചൂരിയുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന കേരള നേതാവായിരുന്നു ബേബി. യെച്ചൂരി ഇന്ത്യാ സഖ്യത്തിനായി ഏറെ പ്രയത്‌നിച്ച ജനറൽ സെക്രട്ടറിയായിരുന്നു. കോണ്‍ഗ്രസുമായുള്ള ബന്ധം ശക്തമായതും യെച്ചൂരി ലൈനിന്റെ ഭാഗമായിരുന്നു. കേരളത്തിലെ മുഖ്യശത്രു എന്ന നിലയില്‍ കോണ്‍ഗ്രസിനോടുള്ള നിലപാട് എന്താവും എന്നതാണ് മുഖ്യവിഷയം. കേരളത്തിലെ സി പി ഐ എം നേതാക്കളില്‍ ഭൂരിപക്ഷം പേരും കോണ്‍ഗ്രസ് ബന്ധം തുടരേണ്ടതില്ലെന്ന നിലപാടുകാരാണ്. കേരളത്തില്‍ നിന്നുള്ള ബേബി ജനറൽ സെക്രട്ടറിയായി വരുമ്പോള്‍ നിലപാടുകളില്‍ മാറ്റം വരുമോ എന്നാണ് കോണ്‍ഗ്രസ് നേതൃത്വവും ഉറ്റുനോക്കുന്നത്.
സമാനതകളില്ലാത്ത രാഷ്ട്രീയ ചരിത്രമാണ് സി പി ഐ എമ്മിന്റെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം എ ബേബിയുടേത്. കമ്യൂണിസ്റ്റ് പശ്ചാത്തലമില്ലാത്തൊരു ക്രൈസ്തവ കുടുംബത്തിലായിരുന്നു ബേബിയുടെ ജനനം. അധ്യാപകനായിരുന്ന കുന്നത്ത് അലക്‌സാണ്ടറുടേയും ലില്ലിയുടേയും എട്ടുമക്കളില്‍ എട്ടാമനായാണ് ബേബി. വിദ്യാര്‍ത്ഥിയായിരിക്കെതന്നെ പുസ്തകവായനയോടായിരുന്നു താല്പര്യം. കലയും സാഹിത്യവും ഇഷ്ടവിഷയങ്ങളായിമാറിയ ബേബിയെ കമ്യൂണിസ്റ്റ് ആശയങ്ങളും സ്വാധീനിച്ചിരുന്നു. പിതാവ് അധ്യാപകനായിരുന്നതിനാല്‍ പഠനത്തില്‍ ശ്രദ്ധിക്കുകയെന്ന പിതാവിന്റെ നിര്‍ദേശം ശിരസാവഹിച്ച അച്ചടക്കമുള്ളൊരു വിദ്യാര്‍ഥിയായിരുന്നു ബേബി. പഠനത്തില്‍ മിടുക്കനായിരുന്നതിനാല്‍ അധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കും പ്രിയങ്കരന്‍. എന്നാല്‍ ബേബി വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ ആകൃഷ്ടനാവുകയും കൊല്ലം എസ് എന്‍ കോളജിലെ എസ് എഫ് ഐ നേതാവാകുകയും ചെയ്തത് വളരെ കുറഞ്ഞകാലംകൊണ്ടായിരുന്നു.
പ്രാക്കുളത്തെ പഞ്ചായത്ത് എല്‍ പി സ്‌കൂളിലായിരുന്നു പ്രൈമറി സ്‌കൂള്‍ പഠനം. എന്‍ എസ് എസ് ഹൈസ്‌കൂളില്‍ നിന്നും എസ് എസ് എല്‍ സി പാസായതിന് ശേഷം പ്രിഡിഗ്രി പഠനത്തിനായാണ് കൊല്ലം എസ് എന്‍ കോളജിലെത്തുന്നത്. പ്രാക്കുളത്തുനിന്നും കൊല്ലം നഗരത്തിലെത്തിയതോടെ ബേബിയുടെ ലോകവും വിപുലമായി. എസ് എന്‍ കോളജിലെ പഠനകാലമാണ് എം എ ബേബിയെന്ന രാഷ്ട്രീയക്കാരനെ പാകപ്പെടുത്തിയതും നേതാവാക്കിമാറ്റിയതും. പഠിക്കുക പോരാടുക എന്നതായിരുന്നു എസ് എഫ് ഐയുടെ പ്രധാന മുദ്രാവാക്യം. പഠിക്കുകയും പോരാടുകയും ചെയ്താണ് ബേബി നേതാവായി വളര്‍ന്നത്. താഴേത്തട്ടില്‍ സമരങ്ങളും പോരാട്ടങ്ങളും നടത്തി വളര്‍ന്ന് പാര്‍ട്ടിയുടെ ഏറ്റവും ഉന്നതമായ പദവിയിലെത്തുകയെന്നതാണ് ബേബിയുടെ രാഷ്ട്രീയ ചരിത്രം.
കോളജ് പഠനകാലത്തുതന്നെ ബേബി എസ് എഫ് ഐയുടെ ദേശീയ നേതൃത്വത്തിലേക്ക് എത്തിയിരുന്നു. പരന്ന വായനയും സംഘടനാ രംഗത്തെ നേതൃപാഠവവുമായിരുന്നു ബേബിയെ നേതാവാക്കി വളര്‍ത്തിയത്. പ്രസംഗത്തിലും സംഘാടനത്തിലും മികവു പുലര്‍ത്തിയ ബേബി വിദ്യാർഥികള്‍ക്കിടയില്‍ പ്രിയങ്കരനായിരുന്നു. കമ്യൂണിസത്തിലും വര്‍ഗസിദ്ധാന്തങ്ങളിലും ആഴത്തിലുള്ള അറിവാണ് മറ്റു വിദ്യാര്‍ഥി നേതാക്കളില്‍ നിന്നെല്ലാം ബേബിയെ വ്യത്യസ്തനാക്കിയത്. വിദ്യാര്‍ഥി രാഷ്ട്രീയത്തോടൊപ്പം കലാ- സാംസ്‌കാരിക രംഗത്തും സജീവ സാന്നിദ്ധ്യമാണ് ബേബി.
1974 ല്‍ എസ് എഫ് ഐ ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു ബേബി. 1975 ല്‍ എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റായി. 1977 ല്‍ സി പി ഐ (എം) കൊല്ലം ജില്ലാ കമ്മിറ്റി അംഗമായി. ജില്ലാ കമ്മിറ്റി അംഗമായിരിക്കെയാണ് 1979 ല്‍ എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്.
1978 ല്‍ ഹവാനയില്‍ നടന്ന ലോകയുവജന വിദ്യാര്‍ത്ഥിമേളയില്‍ ഇന്ത്യന്‍ പ്രതിനിധിയായി പങ്കെടുക്കാനുള്ള അവസരവും ബേബിയെതേടിയെത്തി. നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന്റെ പേരില്‍ ബേബി പലതവണ ജയില്‍വാസം അനനുഷ്ഠിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്ത് ക്രൂരമായ പൊലീസ് മര്‍ദ്ദനവും ജയില്‍വാസവും അനുഭവിച്ചു.
എസ് എഫ് ഐയുടെ ദേശീയ പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന ഒരാള്‍ അമ്പതാം വര്‍ഷം തികയുമ്പോള്‍ പാര്‍ട്ടിയുടെ തലപ്പത്ത് എത്തുന്നുവെന്ന ചരിത്രവും എം എ ബേബി കുറിച്ചിരിക്കയാണ്. എസ് എഫ് ഐ, ഡി വൈ എഫ് ഐ പ്രസ്ഥാനങ്ങളുടെ നേതാവായിരിക്കെ പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളുമായി അടുത്തിടപെടാനും സംവദിക്കാനും, ആശയങ്ങള്‍ പങ്കുവെക്കാനും ബേബിക്ക് അവസരങ്ങള്‍ ലഭിച്ചിരുന്നു. ഇ എം എസ്, ഹര്‍കിഷന്‍സിംഗ് സുര്‍ജിത്ത്, പ്രകാശ് കാരാട്ട്, സീതാറാം യച്ചൂരി എന്നിവരുമായും വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളുമായും ബേബിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു.
എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി മുതല്‍ താഴേത്തട്ടില്‍ നിന്നും വളര്‍ന്ന് പൊളിറ്റ് ബ്യൂറോയിലും പാര്‍ട്ടിയുടെ ജനറൽ സെക്രട്ടറി പദത്തിലും എത്തുമ്പോൾ 55 വര്‍ഷക്കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ കരുത്താണ് എം എ ബേബിയെന്ന നേതാവിനെ ശക്തനാക്കുന്നത്. ഇത്രയേറെ സംഘടനാ ബന്ധവും അനുഭവസമ്പത്തുള്ള നേതാക്കള്‍ കുറവാണെന്നു പറയാം. ദീര്‍ഘകാലം ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ നേരത്തെതന്നെ അവസരം ലഭിച്ച കേരളത്തില്‍ നിന്നുള്ള നേതാവാണ് എം എ ബേബി. ഇതാണ് ദേശീയ നേതാവിലേക്കുള്ള ബേബിയുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. ലളിത ജീവിതത്തിന് ഉടമകൂടിയാണ് ബേബി.
1983 ല്‍ ഡി വൈ എഫ് ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതും പിന്നീട് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതും ബേബിയുടെ പൊളിറ്റിക്കല്‍ കരിയറില്‍ വലിയ മാറ്റങ്ങളുണ്ടാക്കി. 1984 ല്‍ സി പി ഐ എം സംസ്ഥാന കമ്മിറ്റിയംഗം. 1986 ല്‍ രാജ്യസഭായിലെത്തുമ്പോള്‍ ഒരു ചരിത്രവും ബേബിയുടെ പേരില്‍ കുറിക്കപ്പെട്ടു. രാജ്യസഭയിലെ ബേബിയായിരുന്നു എം എ ബേബി. 1998 വരെ രാജ്യസഭാംഗം. 1987 ല്‍ ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ്. 1989 ല്‍ കേന്ദ്രകമ്മിറ്റിയംഗം. 1992 ല്‍ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം, 1997 ല്‍ യു എന്‍ ജനറല്‍ അസംബ്ലിയില്‍ പ്രസംഗിക്കാനുള്ള അവസരം ലഭിച്ചു. 2006 ല്‍ കുണ്ടറയില്‍ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വി എസ് മന്ത്രിസഭയില്‍ വിദ്യാഭ്യാസ -സാംസ്‌കാരിക വകുപ്പുമന്ത്രിയായിരുന്നു. 2011 ല്‍ കുണ്ടറയില്‍നിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും ആര്‍ എസ് പിയിലെ എന്‍ കെ പ്രേമചന്ദ്രനോട് പരാജയപ്പെട്ടതോടെ എം എ ബേബി പാര്‍ലമെന്ററി രംഗത്തോട് വിടപറയുകയായിരുന്നു. 2012 മുതല്‍ പാര്‍ട്ടിയുടെ പരമോന്നത ഘടകമായ പൊളിറ്റ്ബ്യൂറോയില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവസമ്പത്തുമായാണ് പുതിയ ദൗത്യം ഏറ്റെടുക്കുന്നത്.
രണ്ടുതവണ രാജ്യസഭയിലേക്കും രണ്ടു തവണ അസംബ്ലിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ഒരുതവണ മന്ത്രിയുമായിയിരുന്നു എം എ ബേബി.കലാമണ്ഡലം കല്പിത സര്‍വ്വകലാശാലയായി അംഗീകരിച്ചു. കൊച്ചി മുസിരിസ് ബിനാലെക്കു തുടക്കം കുറിച്ചു. കലാകാര ക്ഷേമനിധി നിയമം പാസാക്കി. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നിയമനിര്‍മ്മാണത്തിലൂടെ സ്ഥാപിച്ചു. 2013 ല്‍ സാംസ്‌കാരിക രംഗത്തെ സംഭാവനകള്‍ പരിഗണിച്ച് അഭിനവ് രംഗമണ്ഡല്‍ ഏര്‍പ്പെടുത്തിയ പ്രഥമ അര്‍ജ്ജുന്‍ സിങ് അവാര്‍ഡിനര്‍ഹനായിരുന്നു.