കൊച്ചിയിലെ തൊഴിൽ പീഡന ആരോപണം; പുറത്തുവന്ന ദൃശ്യങ്ങൾ വ്യാജമെന്ന് മൊഴി; തൊഴിൽ പീഡനം നടന്നിട്ടില്ലെന്ന് ലേബർ ഓഫീസർ
കൊച്ചിയിലെ തൊഴിൽ പീഡന ആരോപണത്തിൽ പുറത്ത് വന്ന ദൃശ്യങ്ങൾ വ്യാജമെന്ന് യുവാക്കൾ. കെൽട്രോ എന്ന മാർക്കറ്റിംഗ് സ്ഥാപനത്തിലെ യുവാക്കൾ ആണ് പോലീസിനും ലേബർ ഓഫീസർക്കും മൊഴി നൽകിയത്. ഉടമ അവധിയിൽ പോയപ്പോൾ മാനേജറായി ചുമതലയേറ്റ മനാഫ് ആണ് ദൃശ്യങ്ങൾ ചിത്രീകരിച്ചതെന്നും യുവാക്കൾ. മനാഫിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും യുവാക്കൾ പറഞ്ഞു.
ഉബൈദ് ഇക്കാര്യങ്ങൾ അറിഞ്ഞതിന് പിന്നാലെ മനാഫിനെ പുറത്താക്കിയിരുന്നുവെന്ന് യുവാക്കൾ പറയുന്നു. പിന്നീടാണ് യുവാക്കളുടെ അനുമതിയില്ലാതെ ദൃശ്യങ്ങൾ പുറത്തുവന്നത്. തൊഴിൽ പീഡനം നടന്നിട്ടില്ലെന്ന് ലേബർ ഓഫീസർ പറഞ്ഞു. വ്യക്തികൾ തമ്മിലുള്ള പ്രശ്നമെന്ന് വിലയിരുത്തൽ. ഇക്കാര്യം ചൂണ്ടാക്കാട്ടിയുള്ള റിപ്പോർട്ട് തൊഴിൽ വകുപ്പിന് നൽകും.
ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ടാർഗറ്റ് തികയ്ക്കാത്തതിന് ഹിന്ദുസ്ഥാൻ പവർലിങ്ക്സ് എന്ന സ്ഥാപനത്തിലെ തൊഴിലാളികളെ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങളായിരുന്നു പുറത്തുവന്നിരുന്നത്. ടാർഗറ്റ് പൂർത്തിയാകാത്തവരെ കഴുത്തിൽ നായ്ക്കൾക്ക് ഉപയോഗിക്കുന്ന ബെൽറ്റ് ഇട്ട് നടത്തിക്കുന്ന ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്. ടാർഗറ്റ് നേടാത്തതിന്റെ പേരിൽ അധികൃതർ ജീവനക്കാരെ ക്രൂരമായി മർദ്ദിക്കുന്ന തരത്തിലായിരുന്നു ദൃശ്യങ്ങൾ. വിഡിയോയിലെ സംഭവങ്ങൾ തങ്ങളുടെ ഓഫീസിൽ നടക്കുന്നതല്ല എന്നും ആരോപണങ്ങൾ നിഷേധിക്കുന്നുവെന്നും കമ്പനി അധികൃതർ അറിയിച്ചിരുന്നു.