KeralaTop News

8-ാം ക്ലാസിൽ മിനിമം മാർക്ക് ഇല്ലാത്തവർക്ക് പ്രത്യേക ക്ലാസ്; കൂടുതൽ കുട്ടികൾ തോറ്റത് ഹിന്ദിയിൽ, കുറവ് ഇംഗ്ലീഷിൽ

Spread the love

തിരുവനന്തപുരം: എട്ടാം ക്ലാസില്‍ മിനിമം മാർക്ക് കിട്ടാത്ത വിദ്യാർത്ഥികൾക്ക് പ്രത്യേക ക്ലാസ് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മിനിമം മാർക്ക് അടിസ്ഥാനത്തിലുള്ള എട്ടാം ക്ലാസ് പരീക്ഷാ ഫലം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. 2241 സ്കൂളിൽ നിന്നുള്ള കണക്കുകളാണ് ഇതുവരെ ലഭ്യമായത്. വയനാട് ജില്ലയിലാണ് കൂടുതൽ തോൽവി ഉള്ളത്. 6.3 ശതമാണ്. കൊല്ലത്ത് കുറവ് തോൽവി. ഹിന്ദിയിലാണ് കൂടുതൽ കുട്ടികൾ തോറ്റത്. ഇംഗ്ലീഷ് വിഷയത്തിലാണ് കുറവ് തോൽവി. ഇനിയും സ്കൂളുകളിൽ നിന്ന് കണക്ക് വരാനുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.

ഓരോ വിഷയത്തിലും 30 ശതമാനമാണ് മിനിമം മാർക്ക്. മിനിമം മാർക്കിനെ എതിർക്കുന്നവർ കുട്ടികളുടെ സ്ഥിതി മനസ്സിലാകണമെന്നും വി ശിവൻകുട്ടി പ്രതികരിച്ചു. ജില്ലാടിസ്ഥാനത്തിൽ മിനിമം മാർക്ക് കണക്കുകൾ പരിശോധിക്കും. കണക്കുകൾ ഒത്ത് നോക്കും. ഒരു വിഷയത്തിന് മാത്രം കൂടുതൽ കുട്ടികൾ തോൽക്കുന്നത് പരിശോധിക്കണം. എഴുത്ത് പരീക്ഷയിൽ യോഗ്യത മാർക്ക് നേടാത്ത വിദ്യാർഥികളുടെ വിവരങ്ങൾ രക്ഷകർത്താക്കളെ അറിയിക്കാനും പ്രസ്തുത വിദ്യാർത്ഥികൾക്ക് ഏപ്രിൽ 8 മുതൽ 24 വരെ പ്രത്യേക ക്ലാസുകൾ നൽകാനും തീരുമാനിച്ചിട്ടുണ്ട്. നിശ്ചിത മാർക്ക് നേടാത്ത വിഷയങ്ങളുടെ ക്ലാസിൽ മാത്രം വിദ്യാർഥികൾ പങ്കെടുത്താൽ മതിയാകും. രാവിലെ 9.30 മുതൽ 12.30 വരെയായിരിക്കും പ്രത്യേക ക്ലാസ്. ഏപ്രിൽ 25 മുതൽ 28 വരെ അതത് വിഷയങ്ങളിൽ ഈ വിദ്യാർഥികൾക്ക് പുനഃപരീക്ഷ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഏപ്രിൽ 30 ന് പുനഃപരീക്ഷാ ഫലം പ്രഖ്യാപിക്കും. അടുത്ത വർഷം ഏഴാം ക്ലാസിൽ മിനിമം മാർക്ക് നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

ലഹരി വിരുദ്ധ പ്രചരണത്തിന് പുതിയ അധ്യായന വർഷം മുതൽ പദ്ധതി നടപ്പാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു. കുട്ടികളും അധ്യാപകരും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തണം. രക്ഷിതാക്കളുടെ പിന്തുണ ഉണ്ടാകണം. കുട്ടികളുടെ തെറ്റ് പിടികൂടിയാൽ രക്ഷിതാക്കൾ പക്ഷം പിടിക്കരുത്. എല്ലാ ദിവസം വൈകീട്ട് അധ്യാപകരും വിദ്യാർത്ഥികളും ഒന്നിച്ചിരിക്കണമെന്നും വി ശിവൻകുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.