മാസപ്പടി കേസ്; എസ്എഫ്ഐഒയുടെ തുടർ നടപടികൾ സ്റ്റേ ചെയ്യണം; CMRL വീണ്ടും ഡൽഹി ഹൈക്കോടതിയിൽ
മാസപ്പടി കേസിൽ സിഎംആർഎൽ വീണ്ടും ഡൽഹി ഹൈക്കോടതിയിൽ. എസ്എഫ്ഐഒയുടെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹർജി. അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണം. ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യം.
അന്വേഷണ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് മുമ്പാകെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. ഹർജി തിങ്കളാഴ്ച്ച പരിഗണിക്കും. മുഖ്യമന്ത്രിയുടെ മകൾ വീണ, എക്സാലോജിക് കമ്പനി, സിഎംആർഎൽ ഉടമ ശശിധരൻ കർത്ത അടക്കമുള്ളവർക്ക് എതിരെ എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ചിരുന്നു.
മാസപ്പടി കേസിൽ എസ്എഫ്‌ഐഒ അന്വേഷണം ചട്ടവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് സിഎംആര്‍എല്‍ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് പരിഗണിച്ചിരുന്ന ജഡ്ജി സ്ഥലമാറിയതിനെത്തുടര്‍ന്ന് പുതിയ ബെഞ്ചിന് വിട്ടിരുന്നു. ഡല്‍ഹി ഹൈക്കോടതിയിലെ പുതിയ ബെഞ്ച് കേസിൽ വിധി പറയും. ഏത് ബെഞ്ച് പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കും.