Thursday, April 24, 2025
Latest:
KeralaTop News

മാധ്യമങ്ങളോട് മുഖം തിരിച്ച് സുരേഷ്‌ഗോപി; എറണാകുളം ഗസ്റ്റ് ഹൗസിൽ പ്രവേശനം വിലക്കി

Spread the love

എറണാകുളം ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകർക്ക് വിലക്കേർപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. എറണാകുളം ഗസ്റ്റ് ഹൗസിൽ പ്രതികരണം തേടിയെത്തിയ മാധ്യമപ്രവർത്തകരോട് ബ്രിട്ടാസ് പറയുന്ന സംസ്കാരമുള്ളവരുടെ അടുത്ത് പോയാൽ മതിയെന്ന് കേന്ദ്രമന്ത്രി പറയുകയായിരുന്നു. മുനമ്പം വിഷയത്തിൽ പ്രതികരണം തേടിയെത്തിയപ്പോഴായിരുന്നു മന്ത്രിയുടെ രോക്ഷത്തോടെയുള്ള മുഖം തിരിക്കൽ.

ജബൽപൂരിൽ വൈദികന് നേരെയുണ്ടായ ആക്രമത്തെ കുറിച്ചുള്ള ചോദ്യങ്ങളോടും മാധ്യമ പ്രവർത്തകരോടുള്ള പെരുമാറ്റം സംബന്ധിച്ച ചോദ്യങ്ങളോടും കേന്ദ്ര മന്ത്രി ഇന്നും പ്രതികരിച്ചില്ല.

മാധ്യമ പ്രവർത്തകരെ ഗസ്റ്റ്‌ ഹൗസിൽ നിന്ന് പുറത്താക്കണമെന്ന് സുരേഷ്‌ഗോപിയുടെ ഗൺമാൻ നിർദേശം നൽകിയതായി ഗസ്റ്റ്‌ ഹൗസ് ജീവനക്കാരൻ പ്രസീത് പറഞ്ഞു. അദ്ദേഹം പുറത്തിറങ്ങുന്ന സമയത്ത് ഒരു മാധ്യമപ്രവർത്തകരെയും കാണാൻ ഇടവരരുതെന്നും ഇതുമായി ബന്ധപ്പെട്ട് പരാതി നൽകുമെന്നും മന്ത്രിയുടെ ഉദ്യോഗസ്ഥർ ജീവനക്കാരെ അറിയിക്കുകയായിരുന്നു. വൈക്കത്ത് ഒരു സ്വകാര്യചടങ്ങിൽ പങ്കെടുക്കാനായി എറണാകുളത്ത് എത്തിയതായിരുന്നു കേന്ദ്രമന്ത്രി.

ഗസ്റ്റ്‌ ഹൗസ് ജീവനക്കാരുടെ നടപടിയിൽ KUWJ പ്രതിഷേധം അറിയിച്ചു. എറണാകുളം പ്രസ്സ് ക്ലബ്‌ പ്രസിഡന്റ്‌ ഗോപകുമാർ ഗസ്റ്റ്‌ ഹൗസിൽ നേരിട്ടത്തിയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. ഗസ്റ്റ്‌ ഹൗസ് ജീവനക്കാരുടെ നടപടി ജനാതിപത്യ വിരുദ്ധമെന്ന് അദ്ദേഹം പറഞ്ഞു.