2026 മാർച്ചോടെ രാജ്യത്ത് നിന്ന് ചുവപ്പ് ഭീകരത പൂർണമായും തുടച്ചു നീക്കും, വികസനത്തിന്റെ പാതയിൽ ആയുധവുമായി നിൽക്കുന്നവർക്ക് കടുത്ത നടപടി: അമിത് ഷാ
മാവോയിസ്‍റ്റുകൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വികസനത്തിന്റെ പാതയിൽ ആയുധവുമായി തടസം നിൽക്കുന്നവർ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് ഛത്തീസ്ഗഡിലെ ദന്തേവാഡയിൽ അദ്ദേഹം വ്യക്തമാക്കി. മാവോയിസ്റ്റുകളെ വധിക്കുന്നതിൽ ഭരണകൂടം സന്തുഷ്ടരല്ല. സംസ്ഥാന സർക്കാരിന്റെ ബസ്തർ പാണ്ഡം ഉത്സവത്തിന്റെ സമാപന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്.
2026 മാർച്ചോടെ രാജ്യത്ത് നിന്ന് ഈ ചുവപ്പ് ഭീകരത പൂർണമായും തുടച്ചു നീക്കുമെന്നും അമിത് ഷാ പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 521 ഭീകരരാണ് ഛത്തീസ്ഗഡിൽ മാത്രം കീഴടങ്ങിയത്. കീഴടങ്ങുന്നവർക്ക് നിയമം അനുസരിച്ച് ഇളവ് ലഭിക്കും. മുഖ്യധാരയിൽ എത്താനുള്ള എല്ലാം സംരക്ഷണവും സഹായവും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നൽകും.
അഞ്ച് പതിറ്റാണ്ടുകളായി ഈ പ്രദേശം വികസനത്തിൽ നിന്ന് പിന്മാറി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ബസ്തറിനെ പരിവർത്തനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിജ്ഞാബദ്ധനാണ്. കുട്ടികൾ സ്കൂളുകളിൽ പോകുമ്പോഴും, താലൂക്കുകളിൽ ആരോഗ്യ സൗകര്യങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ മാത്രമേ വികസനം സാധ്യമാകൂ. എല്ലാ പൗരന്മാർക്കും തിരിച്ചറിയൽ രേഖകൾ, റേഷൻ കാർഡുകൾ, ആരോഗ്യ ഇൻഷുറൻസ് എന്നിവ ലഭ്യമാകുമെന്നും അമിത് ഷാ പറഞ്ഞു.മാവോയിസ്റ്റ് കീഴടങ്ങലുകൾ സുഗമമാക്കുകയും മാവോയിസ്റ്റ് രഹിതമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന ഗ്രാമങ്ങൾക്ക് ഒരു കോടി രൂപയുടെ വികസന പദ്ധതികൾ ലഭിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.