KeralaTop News

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാടിലെ SFIO നടപടി: സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണം’; ഷോണ്‍ ജോര്‍ജ്

Spread the love

വീണാ വിജയനെതിരായ എസ്എഫ്‌ഐഒ നടപടി സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. സിപിഐഎമ്മിന് ഇപ്പോഴും ആദര്‍ശം മരിച്ചു പോയിട്ടില്ലെങ്കില്‍ വിഷയം പാര്‍ട്ടി കോണ്‍ഗ്രസ് നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാണ് പരാമര്‍ശം. എസ്എഫ്‌ഐഒ നടപടി രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന എംവി ഗോവിന്ദന്റെ പരാമര്‍ശത്തിലും അദ്ദേഹം മറുപടി പറഞ്ഞു.

വിജിലന്‍സ് കോടതി പരിഗണിച്ച കേസും ഇതും രണ്ടാണ്. കേസിലേക്ക് സ്വാധീനിക്കാന്‍ കഴിയുന്ന രേഖ കോടതിയില്‍ സമര്‍പ്പിക്കാന്‍ അന്നത്തെ ആ വിജിലന്‍സ് കേസിലെ പരാതിക്കാര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇവിടെ നടന്നിട്ടുള്ളത് ഒരു കോര്‍പ്പറേറ്റ് ഫ്രോഡാണ്. കേരള സംസ്ഥാനത്തെ ഒരു പൊതുമേഖല സ്ഥാപനത്തിന് 13.4 ശതമാനം ഷെയറുള്ള സിഎംആര്‍എല്‍ എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയില്‍ 182 കോടി രൂപയുടെ ഒരു ഫ്രോഡ് നടന്നിരിക്കുന്നു. ആ ഫ്രോഡില്‍ 2.7 കോടി രൂപ കൈപ്പറ്റിയിട്ടുള്ളത് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ മകളാണ്. വിജിലന്‍സ് കോടതി പരിഗണിച്ച കേസിന് ഇതുമായി ബന്ധമില്ല – അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകള്‍ ഈ തട്ടിപ്പിന്റെ ഭാഗമായി അനധികൃതമായി പണം കൈപ്പറ്റിയെന്ന് കൃത്യമായി രേഖപ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2023 ഡിസംബര്‍ 13ാം തിയതി തുടങ്ങിയതാണ് ഇതുമായി ബന്ധപ്പെട്ട നിയമയുദ്ധമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. ആദ്യം ഞാന്‍ കൊടുത്ത കേസില്‍ അവര്‍ കക്ഷി ചേര്‍ന്നു. കേരള ഹൈക്കോടതിയില്‍ അതിനെ ഡിഫെന്‍ഡ് ചെയ്തു. കോടതി അത് ശരി വച്ചുകൊണ്ട് അന്വേഷണത്തിന് ഉത്തരവായി. അതിന് ശേഷം കേരള ഹൈക്കോടതിയില്‍ തന്നെ കെഎസ്‌ഐഡിസി ഈ അന്വേഷണം തടസപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്തു. ഇന്ത്യയിലുള്ള പ്രമുഖ അഭിഭാഷകരെയെല്ലാം കൊണ്ടുവന്നു. അതിന് വേണ്ടി മാത്രം സംസ്ഥാന സര്‍ക്കാരും കെഎസ്‌ഐഡിസിയും ചെലവഴിച്ചത് രണ്ടരക്കോടി രൂപയാണ് – അദ്ദേഹം ചൂണ്ടിക്കാട്ടി.