വഖഫ് ബില്ല് രാജ്യസഭയിൽ അവതരിപ്പിക്കും
ലോക്‌സഭ പാസ്സാക്കിയ വഖഫ് നിയമഭേദഗതി ബില്ല് ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയാകും ബില്ല് രാജ്യസഭയിൽ അവതരിപ്പിക്കുക. ഇന്നലെ അര്‍ധരാത്രിവരെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് വഖഫ് നിയമഭേദഗതി ബില്ല് ലോക്‌സഭ പാസ്സാക്കിയത്. ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരണ്‍ റിജ്ജു ആയിരിക്കും ബില്ല് രാജ്യസഭയിൽ അവതരിപ്പിക്കുക.
രാജ്യസഭയിൽ വഖഫ് നിയമഭേദഗതി ബില്ല് പാസ്സാക്കിയാൽ അംഗീകാരത്തിനായി രാഷ്ട്രപതിക്ക് അയക്കും. രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ വഖഫ് നിയമഭേദഗതി ബില്ല് നിയമമാകും എന്നതാണ് നടപടി ക്രമം. 288 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 232 പേര്‍ എതിര്‍ത്തു. ബില്ലിന്മേൽ പ്രതിപക്ഷം മുന്നോട്ടുവച്ച ഭേദഗതികൾ ഭൂരിപക്ഷ വോട്ടോട്ടെ തള്ളി. ശക്തമായ വാദപ്രതിവാദങ്ങളാണ് വഖഫ് ബില്ലിന്മേൽ ലോക്സഭയിൽ ഉയർന്നത്. ഭരണഘടന വിരുദ്ധം എന്ന് ചൂണ്ടിക്കാട്ടി ലോക്സഭയിൽ പ്രതിപക്ഷം ഒന്നടങ്കം ബില്ലിനെ എതിർത്തു.
എന്നാൽ ബില്ല് എങ്ങനെയാണ് മുസ്ലിങ്ങള്‍ക്ക് എതിരെ ആകുന്നതെന്ന് കേന്ദ്രമന്ത്രി കിരൺ റിജ്ജു ലോക്സഭയിൽ ചോദിച്ചു. വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് ഒട്ടേറെ കേസുകള്‍ ട്രൈബ്യൂണലില്‍ ഉണ്ട്. എല്ലാ ഭൂമിയും ഈ രാജ്യത്തിന്റെതാണ്. ബില്ലിലൂടെ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയും. നീതി ലഭിക്കും. നീതി വൈകുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണ്. മുസ്ലിം സ്ത്രീകളുടെയും കുട്ടികളുടെയും യുവാക്കളുടെയും ക്ഷേമത്തിനായാണ് ഈ ബില്ല് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നതെന്നും കിരൺ റിജ്ജു വ്യക്തമാക്കി.
അതേസമയം, വിപ്പുണ്ടായിട്ടും ഇന്നലെ പ്രിയങ്ക ഗാന്ധി ലോക്സഭയിൽ എത്താത്തത് വിവാദമായി. പ്രധാനപ്പെട്ട കാരണം ഇല്ലാതെ വോട്ടെടുപ്പിൽ പങ്കെടുക്കാത്തത് ഉത്കണ്ഠ ഉണ്ടാക്കുന്ന കാര്യമാണെന്ന് ജോൺ ബ്രിട്ടാസ് എംപി കൂട്ടിച്ചേർത്തു. പാർട്ടി കോൺഗ്രസിൽ കാര്യപ്പെട്ട റോൾ ഉണ്ടായിട്ടും ഞങൾ എല്ലാവരും ഇവിടെ ഉണ്ട്. ഏത് വ്യക്തി ആണ് പങ്കെടുക്കാത്തത് എന്ന് ആ വ്യക്തിയോട് ചോദിക്കണമെന്നും എം പി പറഞ്ഞു.
വഖഫ് ബില്ല് കേവലം മുസ്ലിംവിരുദ്ധം മാത്രമല്ല ഇന്ത്യയുടെ ബഹുസ്വരത തകര്‍ക്കാനുള്ള നീക്കമാണ്. ക്രൈസ്തവര്‍ക്ക് മേല്‍ കള്ളക്കണ്ണീര്‍ ഒഴുക്കിയാല്‍ കുറേ എം.പിമാരെ കിട്ടുമെന്നാണ് ബിജെപി കരുതുന്നത്. അതിശക്തമായ പ്രതിഷേധം രാജ്യസഭയിലും ഉയരുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. മുനമ്പത്ത് ഒരാളെ പോലും കുടിയിറക്കാതെ അവരെ സംരക്ഷിക്കാൻ സർക്കാരിന് കഴിയും. കെസിബിസിയുമായി യാതൊരു വിധ പ്രശ്നങ്ങളുമില്ല. ഈ രാജ്യത്ത് ബിജെപിക്കെതിരെ രൂപപ്പെടുന്ന ഐക്യത്തിന്റെ പ്രതിഫലനമാണ് നമ്മൾ കഴിഞ്ഞ ദിവസം ലോക്സഭയിൽ കണ്ടത്, രാജ്യസഭയിലും ഇന്ന് ശക്തമായ പ്രതിഷേധം ഉയരുമെന്നും അദ്ദേഹം പറഞ്ഞു.