വഖഫ് ബില്ലിൽ പ്രിയങ്കയുടെ അസാന്നിധ്യം നിരാശപ്പെടുത്തി, ഇടക്കൊക്കെ നട്ടെല്ല് വായ്പ കിട്ടുമോ എന്ന് ഷാഫി അന്വേഷിക്കണം; സമസ്ത നേതാവ്
വഖഫ് ബില്‍ അവതരണ വേളയില്‍ സഭയില്‍ നിന്നു വിട്ടു നിന്ന പ്രിയങ്കാ ഗാന്ധി നിരാശപ്പെടുത്തിയെന്ന് സമസ്ത നേതാവ് സത്താര്‍ പന്തല്ലൂര്‍. കോൺഗ്രസ് വിപ്പ് പോലും കാറ്റിൽ പറത്തി സഭയിൽ നിന്നു വിട്ടു നിന്ന പ്രിയങ്കഗാന്ധി നിരാശപ്പെടുത്തിയെന്ന് സത്താർ പന്തല്ലൂർ പറഞ്ഞു. രാജ്യത്തെ സംഘപരിവാര്‍ വിരുദ്ധ പോരാട്ടം നയിക്കാനാണ് വയനാട് അവര്‍ക്ക് നാലര ലക്ഷം ഭൂരിപക്ഷം നല്‍കിയതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. തത്തമ്മേ പൂച്ച എന്ന മട്ടില്‍ പെരുന്നാള്‍ ആശംസ പറഞ്ഞാല്‍ 48 ശതമാനം മുസ്ലിം വോട്ടുള്ള വയനാടിനു തൃപ്തിയാകും എന്നാണ് ധാരണയെങ്കില്‍ അതു ഭോഷ്‌കാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
കേരളത്തിലെ മുസ്ലിം സമുദായ പ്രതിനിധിയായി കോണ്‍ഗ്രസ് നല്‍കിയ ടിക്കറ്റില്‍ ജയിച്ചത് ഷാഫി പറമ്പിലാണ്. ഇഖ്‌റാ ചൗധരിയെയും ഇമ്രാനെയും ഉവൈസിയെയൊന്നും മാതൃകയാക്കിയില്ലെങ്കിലും ഇടക്കൊക്കെ നട്ടെല്ല് വായ്പ കിട്ടുമോ എന്ന് അന്വേഷിക്കാവുന്നതാണ്. മുസ്ലിം സമൂഹത്തിന്റെ സാമ്പത്തികവും സാംസ്‌കാരികവുമായ അടിത്തറ തകര്‍ക്കുക എന്ന ഫാസിസ്റ്റ് അജണ്ടയുടെ ആദ്യ കടമ്പ കേന്ദ്രഭരണകൂടം ലോകസഭയില്‍ പിന്നിട്ടു.
ഉത്തരേന്ത്യന്‍ മുസ്ലിം സമൂഹം കഴിഞ്ഞ 9 നൂറ്റാണ്ടുകളായി ആര്‍ജിച്ച പൈതൃക മൂലധനമാണ് സംഘി ഭരണം കൊത്തിവലിക്കാന്‍ ഒരുമ്പെടുന്നത്. രാത്രി പകലാക്കിയ ചര്‍ച്ചകള്‍ക്ക് ശേഷം ഇന്നു പുലര്‍ച്ചെ 288 നെതിരെ 232 വോട്ടുകള്‍ വഖഫ് ബില്ലിനെതിരെ രേഖപ്പെടുത്തി. മതേതര ഇന്ത്യയില്‍ പ്രതീക്ഷ അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.