മുനമ്പം സമരപ്പന്തലില്‍ ആഹ്ലാദം; മുദ്രാവാക്യം വിളിച്ച് പ്രദേശവാസികള്‍
വഖഫ് ഭേദഗതി ബില്ലിന്മേലുള്ള നടപടികള്‍ ലോക്‌സഭയില്‍ പുരോഗമിക്കുമ്പോള്‍ മുനമ്പം സമരപ്പന്തലില്‍ ആഹ്‌ളാദം. മുനമ്പം സമരം 172 ാം ദിവസം പുരോഗമിക്കുന്നതിനിടയാണ് വഖഫ് ഭേദഗതിബില്‍ അവതരിപ്പിക്കപ്പെട്ടത്. ഭേദഗതി ബില്‍ പാസാകും എന്ന് ഉറപ്പായതോടെ തന്നെ സമരപ്പന്തലില്‍ മുദ്രാവാക്യം വിളികളും സന്തോഷപ്രകടനങ്ങളും ആരംഭിച്ചു.
തങ്ങള്‍ക്ക് വളരെ സന്തോഷമുണ്ടെന്നും മുമ്പം ജനതയോടൊപ്പം നിന്ന ഓരോ ഇന്ത്യന്‍ പൗരന്മാരോടും നന്ദി പറയുന്നുവെന്നും സമരക്കാര്‍ പറഞ്ഞു. കൂടെയുണ്ടെന്നാണ് ഞങ്ങളുടെ എം പി ഞങ്ങളോട് പറഞ്ഞത്. പക്ഷേ ഒരിക്കല്‍ പോലും ഞങ്ങളുടെ കൂടെയുണ്ടെന്ന് തെളിയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ഞങ്ങളെ ആര് ചേര്‍ത്തു പിടിക്കുന്നുവോ അവരെ ഞങ്ങളും ചേര്‍ത്ത് നിര്‍ത്തും എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു.ഞങ്ങള്‍ക്ക് ഒറ്റവാക്കേയുള്ളു. ആറ് മാസത്തിനുള്ളില്‍ കേരള രാഷ്ട്രീയം മാറിയിരിക്കും. ഒരു എംപി എന്നത് പാര്‍ട്ടിയുടെയല്ല ജനങ്ങളുടെ എംപിയാണെന്ന് മനസിലാക്കേണ്ട വിധത്തില്‍ അദ്ദേഹം മാറേണ്ടിയിരിക്കുന്നു. എംപിയിലുള്ള വിശ്വാസം ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ഇന്ന് മുനമ്പം ജനതയുടെ വിജയത്തിന് കാരണം ബിജെപി സര്‍ക്കാരാണെന്ന് എവിടെയും ഞങ്ങള്‍ പറയും – സമരക്കാര്‍ പറയുന്നു.