NationalTop News

സിപിഐഎം പാർട്ടി കോൺഗ്രസിൽ ഇന്ന് മുതൽ പൊതുചർച്ച; എം.കെ സ്റ്റാലിൻ പങ്കെടുക്കും

Spread the love

സിപിഐഎം മധുര പാർട്ടി കോൺഗ്രസിൽ ഇന്ന് മുതൽ പൊതുചർച്ച. ‘ഫെഡറലിസം ഇന്ത്യയുടെ ശക്തി’ എന്ന സെമിനാറിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പങ്കെടുക്കും. സിപിഐഎം മധുര പാർട്ടി കോൺഗ്രസിൽ പ്രകാശ് കാരാട്ട് അവതരിപ്പിച്ച രാഷ്ട്രീയ അവലോകന റിപ്പോർട്ടിലും രാഷ്ട്രീയ പ്രമേയത്തിന്മേലും ഉള്ള പൊതുചർച്ച ഇന്ന് തുടങ്ങും. നാളെ ഉച്ചവരെ നടക്കുന്ന ചർച്ചയ്ക്ക് പ്രകാശ് കാരാട്ട് മറുപടി പറയും. ചർച്ചയിലെ നിർദേശങ്ങൾ കൂടി പരിഗണിച്ചാകും രാഷ്ട്രീയ അവലോകന റിപ്പോർട്ടും രാഷ്ട്രീയ പ്രമേയവും പാർട്ടി കോൺഗ്രസ് അംഗീകരിക്കുന്നത്.

ഇന്നലെയാണ് സിപിഐഎം പാർട്ടി കോൺഗ്രസിന് മധുരയിലെ സീതാറാം യച്ചുരി നഗറിൽ ഉജ്വല തുടക്കമിട്ടത്. പി ബി കോഡിനേറ്റർ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.പ്രധാനമന്ത്രി നയിക്കുന്നത് ഹിന്ദുത്വ കോർപ്പറേറ്റ് മിശ്ര സർക്കാരിനെ ആണെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. ഹിന്ദുത്വ രാഷ്ട്രീയം സൃഷ്ടിക്കുന്ന ഭിന്നതയുടേ രാഷ്ട്രീയത്തിനെതിരെ ബഹുജന പങ്കാളിത്തത്തോടെ പ്രചരണം നടത്തേണ്ടത് ഇടത് പക്ഷത്തിന്റ ചുമതല ആണെന്ന് വിവിധ ഇടതുപാർട്ടി ദേശീയ നേതാക്കളെ വേദിയിൽ ഇരുത്തി പ്രകാശ് കാരാട്ട് പറഞ്ഞു.

5 ദിവസം നീളുന്ന 24 പാർട്ടി കോൺഗ്രസിൽ സംഘടന റിപ്പോർട്ട്‌, കരട്, രാഷ്ട്രീയ പ്രമേയം, രാഷ്ട്രീയ അവലോകന റിപ്പോർട്ട്‌ എന്നിവ ചർച്ച ചെയ്യും. ശേഷം പി ബി ചേർന്ന് ചർച്ചകൾക്ക് മറുപടി പറയും. ഒടുവിൽ പുതിയ പി ബി സിസിയും പാർട്ടി ജനറൽ സെക്രട്ടറിയെയും തിരഞ്ഞെടുത്താണ് പാർട്ടി കോൺഗ്രസ്‌ സമാപിക്കുക.