വഖഫ് ബില്ലിനെതിരെ ഇംഗ്ലീഷ്, ബാക്കി മലയാളത്തിൽ, ബ്രിട്ടാസ് സ്മാർട്ടാണ്; മറുപടിയുമായി ജെ പി നദ്ദ
വഖഫ് ബില്ലിൽ ചര്‍ച്ചകള്‍ തുടരുമ്പോൾ പ്രതിപക്ഷ വിമര്‍ശനങ്ങൾക്ക് മറുപടിയുമായി കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ. വിശാലമായി ചർച്ചകളും കൂടിയാലോചനകളും ഈ വിഷയത്തിൽ നടന്നിട്ടുണ്ട്. വിഷയങ്ങളിൽ നിന്ന് പ്രതിപക്ഷം തെന്നി മാറുകയാണെന്നും ഈ ബില്ലിൽ കേരളത്തിലെ സിനിമവരെ പ്രതിപക്ഷം ചർച്ചയാക്കുന്നുവെന്നും നദ്ദ വിമര്‍ശിച്ചു.
പ്രതിപക്ഷം പ്രചരിപ്പിക്കുന്നത് തെറ്റായ കാര്യങ്ങളാണ്. എല്ലാ ജനാധിപത്യ നടപടികളും പാലിച്ചാണ് ബിൽ കൊണ്ടുവന്നത്. മോദി സർക്കാർ ജനാധിപത്യ രീതിയിലാണ് പ്രവർത്തിക്കുന്നത്. ബില്ലിനെ കുറച്ച് പ്രതിപക്ഷം പറഞ്ഞു നടക്കുന്നത് എല്ലാം വ്യാജമാണെന്നും ബില്ലിനെതിരെ കാര്യമായി ഒന്നും പ്രതിപക്ഷത്തിന് പറയാനില്ലെന്നും കെ പി നദ്ദ രാജ്യസഭയില്‍ പറഞ്ഞു.
സഭയിൽ കടുത്ത വിമര്‍ശനങ്ങളുയര്‍ത്തിയ സിപിഐഎം എംപി ജോണ്‍ ബ്രിട്ടാസിനെതിരെയും നദ്ദ സംസാരിച്ചു. ബ്രിട്ടാസ് സ്മാർട്ടാണ്, ബില്ലിൽ പറയാനുള്ളത് എല്ലാം ഇംഗ്ലീഷിൽ പറഞ്ഞു. ആവശ്യമില്ലാത്തത് മലയാളത്തിൽ പറഞ്ഞു. നിങ്ങൾ സ്മാർട്ടാണെന്ന് അറിയാമെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു. ഇതോടെ പ്രതിപക്ഷ സഭയിൽ ബഹളം വച്ചു. എന്നാല്‍ ബഹളം വേണ്ട, ഇത് അഭിനന്ദനം ആണെന്നായിരുന്നു രാജ്യസഭ അധ്യക്ഷന്‍റെ പ്രതികരണം.