മാതാപിതാക്കൾ വിവാഹാലോചനയുമായി വീട്ടിൽ വന്നിട്ടില്ല; ഐ ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ സുകാന്തിന്റെ വാദങ്ങൾ തള്ളി കുടുംബം
തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ സുകാന്ത് സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷയിലെ വാദങ്ങൾ തള്ളി കുടുംബം. സുകാന്തിന്റെ മാതാപിതാക്കൾ വിവാഹാലോചനയുമായി വീട്ടിൽ എത്തിയിട്ടില്ല, ഒഴിഞ്ഞുമാറുക മാത്രമാണ് ചെയ്തതെന്ന് യുവതിയുടെ പിതാവ് മധുസൂദനൻ പറഞ്ഞു.
ഗർഭഛിദ്രം നടത്തിയതായി പൊലീസിൽ നിന്ന് അറിഞ്ഞു. 2024 ജൂലൈ മാസം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഗർഭഛിദ്രം നടത്തിയതെന്ന് കുടുംബം പറയുന്നു. കേസില്‍ താന്‍ നിരപരാധിയാണെന്നും ഐബി ഓഫീസറുടെ മരണത്തില്‍ പങ്കില്ലെന്നുമാണ് സുകാന്ത് സുരേഷിന്റെ വാദം. ഐ ബി ഉദ്യോഗസ്ഥയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നതായും മരണം ഏറ്റവുമധികം ബാധിക്കപ്പെട്ട ആളാണ് താനെന്നും സുകാന്ത് പറയുന്നു. എന്നാൽ സുകാന്തിന്റെ അവകാശവാദങ്ങൾ തള്ളികൊണ്ടാണ് ഐ ബി ഉദ്യോഗസ്ഥയുടെ കുടുംബം ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
ഒളിവില്‍ കഴിയവെയാണ് ഹൈക്കോടതിയിൽ സുകാന്ത് സുരേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകിയത്. അതേസമയം ലൈംഗിക ചൂഷണമടക്കം നടന്നു എന്ന പരാതി ലഭിച്ചിട്ടും സുകാന്തിനെതിരെ ഐബിയും പൊലീസും ഇനിയും നടപടി എടുത്തിട്ടില്ല. സുകാന്ത് ഐബി ചട്ടങ്ങൾ ലംഘിച്ച് ഒളിവിൽ തുടരുന്നതായാണ് വിവരം. അവധിക്കു പോകുന്ന ഉദ്യോഗസ്ഥൻ ലീവ് അഡ്രസ്സ് നൽകണമെന്ന് ഇന്റലിജൻസ് ബ്യൂറോയിൽ ചട്ടം ഉണ്ട്. എന്നാൽ അവധി അപേക്ഷയോ, ലീവ് അഡ്രസ്സോ ഇല്ലാതിരുന്നിട്ടും സുകാന്തിന്റെ കാര്യത്തിൽ തുടർനടപടികൾ ഇല്ല.