അമേരിക്കയെ സ്മാർട്ടാക്കാൻ ട്രംപ് ഒരുങ്ങുമ്പോൾ… വിമോചന ദിനത്തിൽ ഇരട്ട അക്ക ഇറക്കുമതി നികുതി
നാളെയാണ്…നാളെയാണ് എന്ന ബിൽഡ് അപ്പോടെ വന്ന ട്രംപിന്റെ പ്രഖ്യാപനങ്ങൾ ആധുനിക അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നികുതി ചുമത്തലാണെന്ന വിലയിരുത്തലിലാണ് വിദഗ്ധർ. വൈറ്റ് ഹൗസിലെ റോസ് ഗാർഡനിൽ നിന്ന് വന്നത് മുള്ളുള്ള പ്രഖ്യാപനങ്ങളെന്നാണ് പൊതുവിലയിരുത്തൽ. വിമോചന ദിനമെന്ന് ട്രംപ് തന്നെ വിളിച്ച ദിവസത്തിലെ ഈ പ്രഖ്യാപനങ്ങൾ 10 ശതമാനം അടിസ്ഥാന ഇറക്കുമതി തീരുവ മുതൽ വിയറ്റ്നാമിനുള്ള 46 ശതമാനം വരെ നീളുന്നു. വർധിപ്പിച്ച തീരുവകൾ ഈ മാസം ഒൻപത് മുതൽ ബാധകമാകും. |
രാജ്യാന്തര അടിയന്തര സാന്പത്തിക ശക്തി ചട്ടത്തിന്റെ ഭാഗമാണ് പുതിയ നയമെന്ന് ട്രംപ് വിശദീകരിച്ചു. നിലവിലെ വ്യാപാരക്കമ്മിയെ ദേശീയ അടിയന്തരാവസ്ഥയെന്നാണ് അമേരിക്കൻ പ്രസിഡന്റ് വിശേഷിപ്പിച്ചത്.
അമേരിക്കയ്ക്ക് പുതുജന്മം നൽകുന്നതാവും പ്രഖ്യാപനങ്ങളെന്ന ആമുഖത്തോടെ തുടക്കം. അമേരിക്കയെ സ്മാർട്ടാക്കാനുള്ള തന്റെ തന്ത്രങ്ങളെന്ന നിലയിലാണ് മറ്റ് രാജ്യങ്ങൾക്ക് മേലുള്ള നികുതികൾ പ്രഖ്യാപിച്ചത്. ”അമേരിക്കൻ സ്വപ്നങ്ങൾ വിദേശികൾ തകർത്തു തരിപ്പണമാക്കി.ഇവിടത്തെ തൊഴിലവസരങ്ങൾ അവർ അടിച്ചുമാറ്റി.ഇനി അതനുവദിക്കില്ല. ഇങ്ങോട്ടുള്ളത് പോലെ അങ്ങോട്ടും.പകരച്ചുങ്കം നമ്മൾ ചുമത്തും. തൊഴിലവസരങ്ങൾ പുനസൃഷ്ടിക്കും.വ്യാപാര തടസങ്ങൾ മറികടക്കും.അമേരിക്ക വീണ്ടുമൊരു സുവർണ കാലത്തിലേക്ക് പോവുകയാണ്”-ഇങ്ങനെയായിരുന്നു തീരുവ പ്രഖ്യാപനത്തിന് മുൻപുള്ള ട്രംപിന്റെ ടീസർ.
കാര്യകാരണ സഹിതമാണ് നീണ്ട പ്രഖ്യാപനം. എന്തുകൊണ്ട് ഓരോ രാജ്യത്തിനും പ്രത്യേക നികുതിയെന്ന് പറഞ്ഞാണ് എണ്ണിയെണ്ണിനികുതിനിരക്കുകൾ പുറത്തുവിട്ടത്. പ്രത്യേക താരിഫ് സ്ലാബിൽ പെട്ട ഓരോ രാജ്യവും അമേരിക്കയ്ക്ക് മേൽ ചുമത്തുന്നത് അമിത നികുതിയാണെന്നും എന്നാൽ നമ്മൾ ഒരു ഡിസ്കൗണ്ടഡ് നികുതി മാത്രമാണ് പ്രഖ്യാപിക്കുന്നതെന്നും ട്രംപ് പറഞ്ഞു. അങ്ങനെ ഒരു വിശാല മനസ്കനായി തന്നെത്തന്നെ അവതരിപ്പിച്ചായിരുന്നു പുത്തൻ താരിഫ് പട്ടികയിലേക്ക് ട്രംപ് നീങ്ങിയത്.എല്ലാ പ്രവർത്തനങ്ങൾക്കും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനമുണ്ടാകും എന്ന ന്യൂട്ടന്റെ മൂന്നാം ചലന നിയമത്തെ അന്വർഥമാക്കുന്ന തരത്തിലാണ് പകരച്ചുങ്കമെന്ന ലോജിക്കിലേക്കാണ് ട്രംപ് നീങ്ങിയത്. ആദ്യ പണിചിരവൈരിയായ ചൈനയ്ക്ക്. ”ചൈന നമുക്ക് ചുമത്തുന്നത് 67 ശതമാനം. എന്നാൽ വെറും 34 ശതമാനം മാത്രമാണ് നമ്മൾ ചൈനയ്ക്ക് മേൽ ചുമത്തുക. യൂറോപ്യൻ യൂണിയനുമായി നമുക്ക് നല്ല ചങ്ങാത്തമുണ്ട് അതുകൊണ്ട് വെറും 20 ശതമാനം മാത്രമാണ് അവർക്ക് പകരച്ചുങ്കം. വിയറ്റ്നാമികളെ എനിക്കേറെ ഇഷ്ടമാണ് അതുകൊണ്ട് അവർക്ക് 46 ശതമാനം, ജപ്പാന്റെ കാര്യത്തിൽ തെറ്റ് പറയാനാവില്ല,അവർക്കിരിക്കട്ടെ 24 ശതമാനം.ഇനി ഇന്ത്യ, അവിടുത്തെ പ്രധാനമന്ത്രി ഈ അടുത്തിടെ ഇവിടെ വന്നിരുന്നു, അദ്ദേഹം എന്റെ ബെസ്റ്റ് ഫ്രണ്ടുമാണ്, പക്ഷേ 52 ശതമാനം തീരുവയാണ് അവർ നമ്മുടെ ഉത്പന്നങ്ങൾക്ക് ചുമത്തുന്നത്.എന്നാൽ ഞാൻ വെറും 26 ശതമാനം നികുതിയാണ് ഇന്ത്യക്ക് മേൽ ചുമത്തുന്നത്’.ഇങ്ങനെയാണ് വിവിധ രാജ്യങ്ങൾക്കുള്ള കസ്റ്റമൈസ്ഡ് താരിഫ് പ്രഖ്യാപനം.
വിവിധ രാജ്യങ്ങൾക്കുള്ള തീരുവ
ഇന്ത്യ 26%
ചൈന 34%
യൂറോപ്യൻ യൂണിയൻ 20%
വിയറ്റ്നാം 46%
ജപ്പാൻ 24%
ദക്ഷിണ കൊറിയ 25%
യുകെ 10%
തായ്‌ലൻഡ് 36%
സ്വിറ്റ്‌സർലൻഡ് 31%
ദക്ഷിണാഫ്രിക്ക 30%
ബംഗ്ലാദേശ് 37%
സിംഗപ്പൂർ 10%
ഫിലിപ്പീൻസ് 17%
ശ്രീലങ്ക 44%
സൗദി അറേബ്യ 10%
അമേരിക്കൻ കാർഷികോത്പന്നങ്ങൾക്ക് മേൽ 100 ശതമാനം തീരുവ ചുമത്തുന്ന ഇന്ത്യൻ നടപടിയെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റ് രൂക്ഷമായി വിമർശിക്കുകയും ചെയ്തു.തൊട്ടതിനും പിടിച്ചതിനുമൊക്കെ ഇന്ത്യ അമിത നികുതി ചുമത്തുന്നെന്ന് പരാതി ട്രംപ് പറയാൻ തുടങ്ങിയിട്ട് നാളേറെയായി. അമേരിക്കയെ മഹത്തായ രാജ്യമാക്കാനുള്ള ട്രംപിന്റെ ശ്രമങ്ങൾ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് തിരിച്ചടിയാകും എന്നാണ് വിലയിരുത്തൽ.25 ശതമാനം നികുതി വന്നാൽ തന്നെ ഇന്ത്യൻ ജിഡിപിയിൽ 31 ബില്യൺ ഡോളർ ഇടിവ് വരുമെന്നാണ് എം കെ ഗ്ലോബൽ റിപ്പോർട്ട് പറയുന്നത്.ഇലക്ട്രോണിക്സ്, രത്നങ്ങൾ എന്നിവയെ ബദൽച്ചുങ്കം പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലും റിപ്പോർട്ടിലുണ്ട്.2024 ൽ ഇന്ത്യൻ ഇലക്ട്രോണിക്സ് കയറ്റുമതിയുടെ 14.3 ശതമാനം അമേരിക്കയിലേക്കായിരുന്നു.ഇനി ഇന്ത്യൻ ഉത്പന്നങ്ങൾ അമേരിക്കൻ വിപണിയിലെത്തുന്പോൾ വില ഏറെയാകും. അതുകൊണ്ടുതന്നെ അത് വാങ്ങാൻ അമേരിക്കക്കാർ തയ്യാറാകാതിരിക്കുകയും ഇന്ത്യൻ കയറ്റുമതി കുറയുകയും ചെയ്യും.ട്രംപിന്റെ പ്രഖ്യാപനം നിരീക്ഷിക്കാൻ പ്രത്യേക കൺട്രോൾ റൂമൊക്കെ ഇന്ത്യ സജ്ജമാക്കിയിരുന്നു.ട്രംപിനെ അനുനയിപ്പിക്കാനായി അമേരിക്കൻ ഉത്പന്നങ്ങൾക്ക് മേൽ നികുതി കുറയ്ക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ തുടങ്ങിയിട്ടുണ്ട്.
പ്രഖ്യാപനം വന്നതോടെ അമേരിക്കൻ വിപണികൾ തകർന്നടിഞ്ഞു.മറ്റ് വിപണികളിലേക്കും തകർച്ച ബാധിക്കുമോയെന്നാണ് നിക്ഷേപകർ നോക്കുന്നത്.എസ് ആൻ പി 500ൽ മാത്രം നിക്ഷേപകർക്ക് നഷ്ടമായത് 4 ലക്ഷം കോടി ഡോളർ.താരതമ്യേന സേഫായ സ്വർണത്തിലേക്ക് നിക്ഷേപകർ തിരിഞ്ഞപ്പോൾ സ്വർണവില റെക്കോഡ് കടന്നു. ഔൺസിന് 3,200 ഡോളറിനടുത്തെത്തി.വരും ദിവസങ്ങളിലും അനിശ്ചിതത്വത്തിന്റെ ഊഞ്ഞാലിൽ സ്വർണം പറക്കുമെന്ന് വിദഗ്ധർ പറയുന്നു.
ഇതുവരെ കേട്ടുകേഴ്‌വിയില്ലാത്ത തരത്തിൽ ട്രംപൻ പ്രഖ്യാപനങ്ങൾ വരുന്പോൾ എന്താകുമെന്നൊരു പിടിയുമില്ലാത്ത നിലയിലാണ് കാര്യങ്ങൾ.ഒരു നിശ്ചയവുമില്ലയൊന്നിനും എന്ന കവിവചനം പോലെ സാന്പത്തിക വിദഗ്ധരും ട്രംപിന്റെ നീക്കങ്ങളുടെ ഇംപാക്ട് നിരീക്ഷിക്കുകയാണ്. ദീർഘകാലാടിസ്ഥാനത്തിൽ ഈ നയങ്ങൾ അമേരിക്കയ്ക്ക് തന്നെ തിരിച്ചടിയാകുമെന്ന് മുൻ ആർബിഐ ഗവർണർ ഡോ.രഘുറാം രാജൻ പറഞ്ഞിരുന്നു.ഡോ രാജൻ പറഞ്ഞതുപോലെ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണോ ട്രംപ് എന്ന് കണ്ടറിയണം.നയങ്ങൾ ആരെയൊക്കെ എങ്ങനെ ബാധിക്കും എന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.ലെറ്റ്സ് വെയിറ്റ് ആൻഡ് സീ.