NationalTop News

‘വഖഫ് നിയമ ഭേദഗതി യാഥാര്‍ഥ്യമാകുന്നതോടെ കേരള നിയമസഭ പാസാക്കിയ പ്രമേയം അറബിക്കടലില്‍ മുങ്ങും’; സുരേഷ് ഗോപി

Spread the love

വഖഫുമായി ബന്ധപ്പെട്ട് കേരള നിയമസഭ പാസാക്കിയ പ്രമേയം നാളെ വിഷയത്തിലെ രാജ്യസഭ തീരുമാനത്തോടെ അറബിക്കടലില്‍ മുങ്ങുമെന്ന് സുരേഷ് ഗോപി ലോക്‌സഭയില്‍. വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട കെ രാധാകൃഷ്ണന്‍ എം പിയുടെ പ്രസംഗത്തില്‍ മറുപടി പറയവേയാണ് സുരേഷ് ഗോപി ക്ഷുഭിതനായത്.

1987-ല്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട് നടന്ന സമരത്തെക്കുറിച്ച് പരാമര്‍ശിക്കെയാണ് കെ രാധാകൃഷ്ണന്‍ സുരേഷ് ഗോപിയുടെ പേര് പറഞ്ഞത്. സുരേഷ് ഗോപി സഭയിലിരുന്ന് ഇത് കേള്‍ക്കുന്നുണ്ടെന്നായിരുന്നു പരാമര്‍ശം.

കേരളത്തിലെ ദേവസ്വം ബോര്‍ഡിലെ മെമ്പറുടെ പേര് ഒരു ക്രിസ്ത്യന്‍ പേരുമായി സാമ്യം വന്നതിന്റെ പേരില്‍ അത് ക്രിസ്ത്യാനിയാണെന്ന് തെറ്റിദ്ധരിച്ചുകൊണ്ട് വലിയ കലാപമുണ്ടായി. 1987ല്‍ ഹിന്ദുക്ഷേത്രം ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണമെന്ന് പറഞ്ഞുകൊണ്ടുള്ള വലിയ സമരം അന്നാണവിടെ നടത്തിയത് – കെ രാധാകൃഷ്ണന്‍ പറഞ്ഞു. ഇക്കാര്യം പരാമര്‍ശിക്കുന്നതിനിടെയാണ് സുരേഷ് ഗോപി തന്നെ കേട്ടുകൊണ്ടിരിക്കുന്നുവെന്ന് കെ രാധാകൃഷ്ണന്‍ പറഞ്ഞത്. തുടര്‍ന്ന് താങ്കളുടെ പേര് പരാമര്‍ശിച്ചിരിക്കുന്നുവെന്നും എന്തെങ്കിലും പറയാനുണ്ടോയെന്നും ചെയറിലുണ്ടായിരുന്ന ദിലിപ് സൈകിയ ചോദിക്കുകയായിരുന്നു. ഇതിനായിരുന്നു മറുപടി

തന്റെ പേര് അനാവശ്യമായി രാധാകൃഷ്ണന്‍ വലിച്ചിഴയ്ക്കുന്നതായി സുരേഷ് ഗോപി ആരോപിച്ചു. വഖഫുമായി ബന്ധപ്പെട്ട് കേരള നിയമസഭ പാസാക്കിയ പ്രമേയം നാളെ വിഷയത്തിലെ രാജ്യസഭ തീരുമാനത്തോടെ അറബിക്കടലില്‍ മുങ്ങുമെന്ന് സുരേഷ് ഗോപി പറഞ്ഞു. അതിനായി കാത്തിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.