വഖഫ് നിയമ ഭേദഗതി സാധാരണ ജനത്തിന് വേണ്ടി, BJP യുടെ നിലപാടിന് രാഷ്ട്രീയ ലക്ഷ്യമില്ല: കെ സുരേന്ദ്രൻ
വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യം വച്ചാണ് വഖ്ഫ് ബില്ലിനെ കോൺഗ്രസ് എതിർക്കുന്നതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. നിയമ ഭേദഗതി സാധാരണ ജനത്തിന് വേണ്ടിയാണ്. വഖ്ഫ് കരിനിയമം നടപ്പാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. എല്ലാവരും ഉറ്റുനോക്കുന്നത് കോൺഗ്രസ് എംപിമാരെയെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
മുനമ്പം ജനതക്ക് മുന്നിൽ കോൺഗ്രസ് അഭിനയിച്ചതാണോ എന്ന് ഇന്നും നാളെയും അറിയാം. ശശി തരൂരിൻ്റെ നിലപാട് നിക്ഷ്പക്ഷമെങ്കിൽ അതറിയാൻ BJP കാത്തിരിക്കുന്നു. ബി ജെ പി രാഷ്ട്രീയ പ്രേരിതമാണെങ്കിൽ KCBC എന്തിന് പിന്തുണക്കുന്നുവെന്നും സുരേന്ദ്രൻ ചോദിച്ചു.
BJP യുടെ നിലപാടിന് രാഷ്ട്രീയ ലക്ഷ്യമില്ല.വർഗീയതക്കൊപ്പം ആര് നിൽക്കുന്നുവെന് തിരിച്ചറിയാനുള്ള സമയമാണിത്. പാർലമെൻറിലെ നിയമനിർമാണത്തിന് മാത്രമേ പ്രശ്നം പരിഹരിക്കാൻ കഴിയൂ. നിയമത്തെ എതിർത്താൽ നിങ്ങൾ ഏറ്റവും വലിയ കരിങ്കാലികളെന്ന് അറിയപ്പെടുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
അതേസമയം വഖഫ് ബില്ലിനുള്ള പ്രമേയം ലോക്സഭയിൽ അവതരിപ്പിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. ജെപിസിയിൽ വിശാല ചർച്ച നടന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. വിശദമായ ചർച്ചയ്ക്ക് ശേഷമാണ് ബില്ല് തയ്യാറാക്കിയത്. 284 സംഘങ്ങൾ അഭിപ്രായം വ്യക്തമാക്കി. 97 ലക്ഷം നിർദേശങ്ങൾ ജെപിസിക്ക് ലഭിച്ചു. അതെല്ലാം വിശദമായി പരിശോധിച്ചു. ഈ ബില്ല് കുറേ മാറ്റങ്ങൾ കൊണ്ട് വരുമെന്നും അദ്ദേഹം പറഞ്ഞു.
ബിൽ അവതരിപ്പിക്കാൻ മന്ത്രിയെ ക്ഷണിച്ചപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തി. ബില്ല് അവതരണത്തില്‍ ക്രമ പ്രശ്നം ഉന്നയിച്ച് പ്രതിപക്ഷം രംഗത്തെത്തി. നിയമം അടിച്ചേല്‍പ്പിക്കുകയാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ഭേദഗതികളിലെ എതിര്‍പ്പുകള്‍ പറയാന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യഥാർത്ഥ ബില്ലിൽ ചർച്ച നടന്നിട്ടില്ലെന്ന് പ്രേമചന്ദ്രൻ ഉന്നയിച്ചു. ജെ പി സിക്ക് ഭേദഗതി നിർദ്ദേശങ്ങൾ ബില്ലിൽ ചേർക്കാനാകുമോയെന്നും പ്രേമചന്ദ്രൻ ചോദിച്ചു. പ്രതിപക്ഷം പറഞ്ഞതനുസരിച്ചാണ് ബില്ല് ജെപിസിക്ക് വിട്ടതെന്നും ജെ പി സി റിപ്പോർട്ടിന് ക്യാബിനറ്റ് അംഗീകാരം നൽകിയിട്ടുണ്ടെന്നും അമിത് ഷാ മറുപടി നല്‍കി.