വിജയക്കുതിപ്പ് തുടരാൻ ബെംഗളൂരു; എതിരാളികൾ ഗുജറാത്ത് ടൈറ്റൻസ്
ഐപിഎല്ലിൽ വിജയക്കുതിപ്പ് തുടരാൻ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഇന്നിറങ്ങും. രാത്രി ഏഴരയ്ക്കെ ബെംഗളൂരുവിൽ നടക്കുന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസാണ് എതിരാളികൾ. ഐപിഎൽ പതിനെട്ടാം സീസണിൽ സ്വപ്ന തുല്യ തുടക്കമാണ് ബെംഗളൂരുകാർക്ക്.
വെടിക്കെട്ട് തുടക്കം നൽകുന്ന ഫിൽ സാൾട്ട്. സെൻസിബിൾ ഇന്നിങ്സുകളുമായി വിരാട് കോലി. മധ്യനിരയുടെ കരുത്തായി ക്യാപ്റ്റൻ രജത് പാട്ടിഥാർ. സൂപ്പർ ഫിനിഷർമാർമാരായി ലിയാം ലിവിങ്സ്റ്റണും ടിം ഡേവിഡും. പിന്നെ എടുത്തുപറയേണ്ട് ബൗളർമാരുടെ പ്രകടനം. രണ്ട് കളിയിൽ 5 വിക്കറ്റുമായി ജോഷ് ഹേസൽവുഡ് ടീമിന് നൽകിയ മുൻതൂക്കം ചെറുതല്ല.
യാഷ് ദയാലും ഭുവനേശ്വർ കുമാറും ക്രുണാൽ പണ്ഡ്യയും കട്ടക്ക് കൂട്ടിനുണ്ട്. ഇനി ഹോം ഗ്രൌണ്ടിലെ കാലക്കേട് കൂടി മാറ്റിയെടുത്താൻ കന്നി കപ്പിൽ പ്രതീക്ഷ വയ്ക്കാം ആർസിബിക്ക്. ഐപിഎല്ലിൽ തന്നെ ഏറ്റവും മോശം ഹോം റെക്കോർഡുള്ള ടീമുകളിലെന്നാണ് ആർസിബി. എം ചിന്നസ്വാമി സ്റ്റേഡിയത്തിലെ 100 മത്സരങ്ങളിൽ 46ലും തോൽവി. ഇത്തവണ ഇതിനും മാറ്റമുണ്ടാകുമെന്നാണ് ആർസിബി ആരാധകരുടെ പ്രതീക്ഷ.
രണ്ടാം ജയത്തിൽ കണ്ണുവച്ചാണ് മുൻ ചാന്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിന്റെ വരവ്. പഞ്ചാബിനോട് തോറ്റ് തുടങ്ങിയ ഗുജറാത്ത് രണ്ടാം കളിയിൽ മുംബൈയെ തോൽപ്പിച്ചിരുന്നു.ടോപ് ഓർഡർ കഴിഞ്ഞാൽ ബാറ്റിങ് നിരയുടെ കഥകഴിഞ്ഞെന്ന കഴിഞ്ഞ രണ്ട് കളികളിലെ പ്രശ്നം ഉടൻ മാറ്റിയില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും ശുഭ്മാൻ ഗില്ലിനും സംഘത്തിനും. ഗ്ലെൻ ഫിലിപ്സിനെ പോലൊരാൾ ഫിനിഷറുടെ റോളിലേക്ക് എത്തേണ്ടത് അനിവാര്യമാകുന്നു.കഗീസോ റബാഡ, റാഷീദ് ഖാൻ, മുഹമ്മദ് സിറാജ് എന്നിവരുടെ പെരുമക്കൊത്ത പ്രകടനം പുറത്തെടുത്തേ തീരൂ. പ്രത്യേകിച്ച് പന്തേറുകാരുടെ ശവപ്പറന്പായ ചിന്നസ്വാമിയിൽ.