KeralaTop News

കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ആത്മഹത്യ; ഗോകുലിന് പ്രായപൂർത്തി ആയിട്ടില്ല; അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും

Spread the love

വയനാട് കൽപ്പറ്റയിൽ പൊലീസ് കസ്റ്റഡിയിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട ഗോകുൽ മരിച്ച സംഭവത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും. ഗോകുലിന് പ്രായപൂർത്തി ആയിട്ടില്ലെന്ന് തെളിയിക്കുന്ന രേഖ പുറത്തുവന്നു. സംഭവത്തിൽ പൊലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്നാണ് പ്രാഥമിക വിലയിരുത്തൽ.

പോലീസ് കസ്റ്റഡിയിലാണ് ഗോകുലിന്റെ മരണം എന്നതിനാൽ അതീവ ഗൗരവത്തോടെയാണ് അന്വേഷണം. ഇതാണ് തുടർ നടപടികൾ ക്രൈം ബ്രാഞ്ചിന് വിടാനുള്ള കാരണവും. പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചുള്ള ഉത്തരവ് ഉടൻ ഇറങ്ങും. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കളും രംഗത്തെത്തി.

2007 മെയ് 30 ആണ് ​ഗോകുലിന്റെ ജനനത്തീയതി. പ്രായപൂർത്തിയാകാത്ത ആളെ ഒരു രാത്രി കസ്റ്റഡിയിൽ വച്ചത് പോലീസ് വീഴ്ചയായി കണക്കാക്കപ്പെടും. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് മർദനം ഏറ്റിട്ടില്ല എന്നാണ് വിവരം. മാനസിക പീഡനം ഉണ്ടായിട്ടുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് എസ്പി, ഡിഐജിക്ക് ഉടൻ കൈമാറും. ഇതിനുശേഷം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാനാണ് സാധ്യത. ഗോകുലിന്റെ സംസ്കാരം ഇന്ന് വൈകിട്ട് നെല്ലറച്ചാലിൽ നടക്കും.